പഠനത്തോടൊപ്പം തൊഴിലും വേണമെന്ന്​ വിദ്യാർഥികൾ; പരിശോധിക്കാമെന്ന്​ മുഖ്യമന്ത്രി

കൊച്ചി: മികവിൻെറ നാളെയെ കെട്ടിപ്പടുക്കാൻ യുവതലമുറയുടെ കാഴ്ചപ്പാടുകളിലേക്ക് ഇറങ്ങിച്ചെന്ന് മുഖ്യമന്ത്രി. ചോദ്യങ്ങളും നവീനാശയങ്ങളും മുന്നോട്ടുവെച്ച അവർക്ക് മുന്നിൽ സാധ്യതകളുടെ പുതുലോകം വരാനിരിക്കുന്നുവെന്ന് ആത്മവിശ്വാസം പകർന്ന് അദ്ദേഹത്തിൻെറ മറുപടി. പഠനകാലത്തുതന്നെ വിദ്യാർഥികളെ സർക്കാർ സേവനങ്ങൾക്ക്​ ഉപയോഗപ്പെടുത്തണമെന്ന ആശയം വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കുവെച്ചപ്പോൾ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതികരണം. സർക്കാർ സേവനത്തിനൊപ്പം അതിലൂടെ തൊഴിലവസരം കൂടിയാണ് തുറക്കപ്പെടുന്നതെന്ന് മികച്ച ആശയമാണ് വിദ്യാർഥികളിൽ നിന്നുണ്ടായത്. നവകേരളം യുവകേരളം എന്ന പേരിൽ കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിൽ അഞ്ച് സർവകലാശാലയിൽനിന്നായി 200 വിദ്യാർഥികൾ പങ്കെടുത്തു. ഇവരിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട 33 പേരാണ് ആശയങ്ങൾ അവതരിപ്പിച്ചത്. സിവിൽ എൻജിനീയറിങ് വിദ്യാർഥികൾക്ക് സർക്കാർ വകുപ്പുകളിൽ പരിശീലനം നൽകണമെന്ന് കുസാറ്റിലെ അശ്വതി എം. ബാബു ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ വകുപ്പിൽ ഇതിന് അവസരമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി വിദ്യാർഥികൾക്ക് നൈപുണ്യ വികസനത്തിന് പദ്ധതി വേണമെന്നായിരുന്നു ചോലനായ്ക്കർ വിഭാഗത്തിൽനിന്നുള്ള ആദ്യ ഗവേഷണ വിദ്യാർഥി സി. വിനോദിൻെറ ആവശ്യം. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് പ്രതിസന്ധിയിലായ വീട്ടമ്മമാർക്ക് തൊഴിലവസരങ്ങൾ സൃഷ്​ടിക്കണം എന്നതായിരുന്നു നുവാൽസ് വിദ്യാർഥി ആനന്ദിൻെറ ആവശ്യം. അവരുടെ തൊഴിൽശേഷി ഉപയോഗപ്പെടുത്താൻ വെബ് പോർട്ടൽ മുഖേന അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് പങ്കിട്ട് ഉപയോഗിക്കാവുന്ന പൊതു തൊഴിലിടം ഒരുക്കും. സർവകലാശാല ഓഫിസ് പ്രവർത്തനവും കുറ്റമറ്റതാക്കും. കാലഹരണപ്പെട്ട യുവജന കമീഷനെ മികച്ചതാക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർഥിയോട് അവരുടെ പ്രവർത്തനം വേണ്ടവിധം മനസ്സിലാക്കണമെന്നാണ് മുഖ്യമന്ത്രി നൽകിയ മറുപടി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ ആമുഖപ്രഭാഷണം നടത്തി. വിവിധ സർവകലാശാല വൈസ് ചാൻസലർമാരായ കെ.എൻ. മധുസൂദനൻ(കുസാറ്റ്), എം.എസ്. രാജശ്രീ (കെ.ടി.യു), മോഹൻ കുന്നുമ്മൽ (ആരോഗ്യ സർവകലാശാല), കെ.സി. സണ്ണി (നുവാൽസ്), ഡോ.കെ. റെജി ജോൺ (കുഫോസ്), പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. ജി.എസ്. പ്രദീപ് അവതാരകനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.