പ്ലാസ്​റ്റിക്​ സംഭരണ കേന്ദ്രം വീണ്ടും തുറക്കരുതെന്ന്​ നാട്ടുകാർ

പറവൂർ: പരിസരവാസികൾക്കും പരിസ്ഥിതിക്കും ദോഷകരമായ തത്തപ്പിള്ളിയിലെ അന്ന പ്ലാസ്​റ്റിക് സംഭരണകേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് നാട്ടുകാർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എട്ടാം വാർഡിൽ അംഗൻവാടിക്ക് സമീപം പ്രവർത്തിച്ചിരുന്ന സ്ഥാപനം സൃഷ്​ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങൾ നിരന്തരം ആക്ഷേപം ഉന്നയിച്ചു വരുകയായിരുന്നു. അതിനിടെയാണ് ഒരു മാസം മുമ്പ്​ സ്ഥാപനത്തിൽ തീപിടിത്തം ഉണ്ടായത്. പ്ലാസ്​റ്റിക് മാലിന്യം കത്തിയതിനെ തുടർന്നുണ്ടായ രൂക്ഷഗന്ധവും പുകയും ശ്വസിച്ച് ശാരീരിക അസ്വസ്ഥതകൾ ബാധിച്ച പരിസരവാസികൾ ദിവസങ്ങളോളം വീടുവിട്ട് മാറി താമസിക്കുകയായിരുന്നു. കത്തിത്തീരാത്ത പ്ലാസ്​റ്റിക് മാലിന്യം സ്ഥാപനത്തിലും പരിസരങ്ങളിലും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടുത്തെ മാലിന്യം മൂലം പരിസരപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളവും ഉപയോഗശൂന്യമായിരിക്കയാണ്. പരിസരവാസികൾക്ക് ഇത്രയധികം ദോഷം ചെയ്യുന്ന സ്ഥാപനം വീണ്ടും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന്​ നാട്ടുകാർ പറഞ്ഞു. ജനങ്ങളുടെ സ്വൈര ജീവിതത്തിനും ആരോഗ്യത്തിനും ഭീഷണി ഉയർത്തുന്ന ഈ സ്ഥാപനത്തിന് ജനവാസ കേന്ദ്രമായ ഇവിടെ തുടർന്ന് പ്രവർത്തിക്കാൻ അനുമതി നൽകരുതെന്നും അനധികൃതമായി സ്ഥാപനം നടത്തിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഭീമഹരജി തയാറാക്കി മുഖ്യമന്ത്രി, കലക്ടർ, ഗ്രാമപഞ്ചായത്ത്, ഡി.എം.ഒ തുടങ്ങിയവർക്ക് സമർപ്പിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ അഡ്വ. കെ.വി. സുജിത്, എ.എ. രജീഷ്, എ.ആർ. കൃഷ്ണകുമാർ, എം.വി. ജയകുമാർ, എസ്. ഡാഗീഷ്, എ.വി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.