മാനാ ഹൊ തും... മുഴുമിപ്പിക്കാതെ ഇടവ ബഷീറിന്‍റെ മടക്കം

ആലപ്പുഴ: പ്രശസ്ത ഗാനമേള ട്രൂപ്പായ ബ്ലൂ ഡയമണ്ട്സിന്‍റെ വേദിയിലേക്ക്​ ഏറെ സന്തോഷ​ത്തോടെയാണ്​ ഇടവ ബഷീർ എത്തിയത്​. മാനാ ഹൊ തും.... ബേ ഹദ്​ ഹസി... ഹംബീ നഹി.... എന്ന പ്രശസ്ത ഗാനം മനോഹരമായി പാടിക്കൊണ്ടിരിക്കുകയായിരുന്നു ഇടവ ബഷീർ. പാട്ടിന്‍റെ അവസാന വരികളിലേക്ക്​ കടക്കും മുമ്പ്​ കുഴഞ്ഞുവീഴുകയായിരുന്നു. അര നൂറ്റാണ്ടിലധികം നീണ്ട സംഗീത ജീവിതത്തിന്​ വേദിയിൽ തന്നെ അവസാനമാകുകയായിരുന്നു. ഗാനമേളയും വേദികളും ജീവശ്വാസം പോലെ കൊണ്ടുനടന്ന ഇടവ ബഷീർ പാടിക്കൊണ്ടിരിക്കെ ജീവൻ ​വെടിയുകയായിരുന്നു. ഇടവ ബഷീറിന്‍റെ മടക്കം കേരളത്തിനും പ്രത്യേകിച്ച്​ കൊല്ലത്തിനും നികത്താനാകാത്ത നഷ്ടമാണ്. സിനിമയെക്കാളുപരി ഗാനമേളകളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് സമ്പാദിച്ചത്. ഭക്തിഗാനങ്ങള്‍ക്ക് പുറമേ മാരാമണ്‍ കൺവെൻഷനിലും പാടിയിട്ടുണ്ട്. 2018ല്‍ സംഗീത സപര്യ അമ്പത് വര്‍ഷം പിന്നിട്ടതിന് അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇടവ ബഷീറും കൊല്ലവും തമ്മിലുള്ളത് ഇഴപിരിയാത്ത ആത്മബന്ധമാണ്​. ജന്മം കൊണ്ട് തിരുവനന്തപുരത്തുകാരനാണെങ്കിലും ഇടവ ബഷീര്‍ വളര്‍ന്നതെല്ലാം കൊല്ലത്തായിരുന്നു. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറ്റിയതിനാല്‍ പത്തുവരെ പട്ടത്താനം ക്രിസ്തുരാജ് സ്‌കൂളില്‍ പഠിച്ചു. കോളജ് പഠനം വേണ്ടെന്ന് ​​വെച്ച് മ്യൂസിക് അക്കാദമിയില്‍ ചേർന്നു. 1972ലാണ് ഇടവ ബഷീര്‍ ഗാനഭൂഷണം പാസായത്. 1978ല്‍ 'രഘുവംശം' എന്ന സിനിമയില്‍ എ.ടി. ഉമ്മറിന്റെ സംഗീത സംവിധാനത്തില്‍ എസ്.ജാനകിയോടൊത്ത് ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്തേക്ക് വരവറിയിച്ചത്. കെ.ജെ. ജോയിയുടെ സംഗീതത്തില്‍ വാണിജയറാമിനൊപ്പം 'മുക്കുവനെ സ്‌നേഹിച്ച ഭൂതം' സിനിമയില്‍ പാടിയ 'ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍' ഗാനം സൂപ്പര്‍ ഹിറ്റായി. അമ്പത് വര്‍ഷം മുമ്പ്​ ഗാനമേളക്ക്​ കൊല്ലം സംഗീതാലയം എന്ന ട്രൂപ്പിന് രൂപം നല്‍കുകയും 1996ല്‍ കൊല്ലത്തു സ്വന്തമായി സംഗീതം റെക്കോഡിങ് സ്റ്റുഡിയോ സ്ഥാപിക്കുകയും ചെയ്തു. അരനൂറ്റാണ്ട് പിന്നിട്ട ഗാന സപര്യയില്‍ അദ്ദേഹത്തിനെപ്പോഴും ഇഷ്ടം ഗാനമേള വേദികളായിരുന്നു. അമ്പലപ്പറമ്പുകളെ ഗാനങ്ങള്‍ കൊണ്ട് ഭക്തിസാന്ദ്രമാക്കാനുള്ള പ്രത്യേക കഴിവുമുണ്ടായിരുന്നു. ക്ഷേത്രങ്ങളില്‍ ഏറ്റവുമധികം ഗാനമേളകള്‍ അവതരിപ്പിച്ച അഹിന്ദു ഗായകന്‍ താനായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞകാര്യം സുഹൃത്തുക്കളും ഓര്‍ക്കുന്നുണ്ട്​. 'ആകാശരൂപിണി അന്നപൂര്‍ണ്ണേശ്വരി അഭയം തവപദ കമലം' എന്ന സ്തുതിഗീതം പാടി ഗാനമേളകള്‍ക്ക് തുടക്കം കുറിക്കുന്ന കൊച്ചുമനുഷ്യന്റെ ദീപ്തചിത്രമുണ്ട് ഓർമയില്‍. ഗാനമേളാവേദിയിലെ രാജകുമാരനായിരുന്നു അക്കാലത്ത് ഇടവ ബഷീര്‍. ആലാപനത്തിന്റെ ഇന്ദ്രജാലം കൊണ്ട് ലക്ഷങ്ങളെ വേദികള്‍ക്ക് മുന്നിലേക്ക് ആവാഹിച്ചു വരുത്തിയ മനുഷ്യന്‍ കൂടിയായിരുന്നു. ഗുരുവായൂര്‍, ശബരിമല, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതീ ക്ഷേത്രം, പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം, അയ്യപ്പന്‍കാവ്.... അങ്ങനെയങ്ങനെ ഗാനമേളയുമായി ബഷീര്‍ കടന്നുചെല്ലാത്ത ക്ഷേത്രങ്ങള്‍ കുറവാണ്. കേരളത്തില്‍ അപൂര്‍വം ഗാനമേള സമിതികള്‍ മാത്രമുണ്ടായിരുന്നപ്പോഴാണു ബഷീറിന്റെ സ്വന്തം ട്രൂപ്പ്​ സംഗീതാലയ പിറന്നത്. യേശുദാസിന്റെയും മുഹമ്മദ് റഫിയുടെയും പാട്ടുകളിലൂടെ ബഷീര്‍ ജനഹൃദയങ്ങള്‍ കീഴടക്കി. അമേരിക്ക, കാനഡ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയയിടത്തെല്ലാം സംഗീതാലയയുമായി അദ്ദേഹം എത്തി. പുതിയ തലമുറക്ക് ഒട്ടും പരിചിതനല്ലാത്ത ഒരു ഗായകനാണ് ഇടവാ ബഷീര്‍. കേരളത്തിന്റെ അകത്തും പുറത്തും പതിനായിരക്കണക്കിന് ഗാനമേളകള്‍ അവതരിപ്പിച്ച ബഷീര്‍ ഒരിക്കലും ഗാനമേള പണ സമ്പാദനത്തിനായി ഉപയോഗിച്ചിട്ടില്ല. പലപ്പോഴും തിയറ്ററുകളുടെ പിറകില്‍നിന്ന് ഗാനങ്ങള്‍ എഴുതിയെടുത്തായിരുന്നു അദ്ദേഹം ഗാനമേളകള്‍ക്ക് പാടിയിരുന്നത്. ജനങ്ങളുടെ പള്‍സറിഞ്ഞ്, അവരെ ആനന്ദിപ്പിക്കാന്‍ ബഷീറിനു കഴിഞ്ഞു എന്നത് തന്നെയായിരിക്കാം ഗാനമേള രംഗത്തെ അദ്ദേഹത്തിന്റെ വിജയ രഹസ്യം. സിനിമയില്‍ പാടാനുള്ള ദേവരാജന്‍ മാസ്റ്ററുടെ ക്ഷണം അദ്ദേഹം പലതവണ നിരസിച്ചിരുന്നു. 50വര്‍ഷത്തിനിടെ 10000ലേറെ ഗാനമേളകള്‍ നടത്തി. എസ്.ജാനകി. പി.സുശീല ഉള്‍പ്പെടെയുള്ളവരോടൊപ്പം പാടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.