തുറവൂരിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: മൂന്നുപേർ അറസ്റ്റിൽ

തുറവൂർ: വളമംഗലത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേരെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളും അയൽവാസികളുമായ വളമംഗലം തെക്ക് പുത്തൻതറ കിഴക്കേ നികർത്ത് അനിൽകുമാർ (32), മുരളീധരൻ (49), വിഷ്ണു (30) എന്നിവരാണ് പിടിയിലായത്.

കുത്തിയതോട് സി.ഐ സനോജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വളമംഗലം പുത്തൻതറ കിഴക്കേ നികർത്തിൽ സോണിയാണ് (45) തിങ്കളാഴ്ച രാത്രി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുറച്ചുനാളായി അയൽവാസികളും ബന്ധുക്കളുമായുള്ള ഇരുവീട്ടുകാർ തമ്മിൽ വഴി സംബന്ധിച്ച് പ്രശ്നങ്ങൾ നടക്കുന്നുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ കൊല്ലപ്പെട്ട സോണിയുടെ വീട്ടിലെത്തി പ്രതികൾ നിരന്തരം പ്രശ്നങ്ങളുണ്ടാക്കി. എന്നാൽ, സോണി ഇവരെ തിരികെ വിരട്ടിയോടിച്ചു. അതിനുശേഷം പുറത്തുനിന്നുള്ള ഗുണ്ടകളുടെ സഹായത്തോടെ രാത്രിയിൽ വീണ്ടും പ്രശ്നങ്ങളുണ്ടാക്കുകയും സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് നിഗമനം.

തെങ്ങുകയറ്റ തൊഴിലാളികൾ ഉപയോഗിക്കുന്ന അരിവാൾ ഉപയോഗിച്ച് കഴുത്തിൽ വെട്ടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുറവൂർ തെക്ക് ആലക്കാപറമ്പ് സെന്‍റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടത്തി.

Tags:    
News Summary - Youth killed in Thuravoor: Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.