വെള്ളം തന്നെ പ്രശ്നം; പക്ഷെ പരിഹാരമില്ല

ലീക്ക് ചെയ്യുന്ന വെള്ളം ഇവിടെ കുടിവെള്ളം...

പലവിധ രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്നവർ ഇവിടെ ഏറെയാണ്. തോട്ടിലെയും കിണറ്റിലെയും വിഷാംശം അടങ്ങിയ വെള്ളം ഉപയോഗിക്കുന്നത് മൂലമാണിത് -ആശാവർക്കർ സുജാതയുടെ സാക്ഷ്യം. തലവടി പഞ്ചായത്തിലെ ഒന്നാം വാർഡായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കളങ്ങരയിൽ 38 വർഷമായിട്ടും കുടിവെള്ളം എത്തിയിട്ടില്ല. ഈ മേഖലയിൽ പൈപ്പ് ലൈനായി ഓരോകാലത്തും എം.എൽ.എമാർ പ്രഖ്യാപിക്കുന്ന പാക്കേജുകൾ കടലാസിലൊതുങ്ങുന്നു.

കൈനകരി പ്രദേശത്തേക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പുകളിലെ എയർവാൽവിൽ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം പാത്രങ്ങളിൽ ശേഖരിച്ചാണ് പ്രദേശത്തുകാർ കുടിവെള്ള ആവശ്യം നിറവേറ്റുന്നത്. ഇതിന് കഴിയാത്തവർ കുടിവെള്ളം വാങ്ങുകയാണ്. മൂന്ന് ദിവസം കൂടുമ്പോൾ 50 ലിറ്റർ വീതം വാങ്ങേണ്ടി വരുന്നുണ്ടെന്ന് ഇവിടത്തെ ഒരു വീട്ടമ്മ പറഞ്ഞു. കുളിക്കാനുള്ള വെള്ളം തോട്ടിൽ നിന്നാണെടുക്കുന്നത്. കൃഷി തുടങ്ങിയാൽ ആറ് മാസത്തേക്ക് കളനാശിനികളിലെ വിഷാംശം തോട്ടിലേക്കൊഴുകും. പ്രദേശത്തെ കിണറുകളിലെ വെള്ളം കലങ്ങിയതാണ്. ഇവ തുണിയിലേക്കൊഴിച്ച് അരിച്ചാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. കാശില്ലാതെ വരുമ്പോൾ ഈ വെള്ളം തന്നെ കുടിക്കും. പ്രദേശത്ത് 380 വീടുകളുണ്ട്. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ വരെ കുളിപ്പിക്കുന്നത് ഈ തോട്ടിലെ വെള്ളത്തിലാണ്. കുട്ടികളിലും മുതിർന്നവരിലും ചൊറിച്ചിൽ പോലുള്ള അസുഖങ്ങൾ വ്യാപകമാണ്.

ചുമന്ന് എത്തിക്കണം കുടിവെള്ളം

കൊഴുവല്ലൂർ പൂതംകുന്ന് കോളനിക്കാർ കുടിവെള്ളം ചുമന്ന് എത്തിക്കണം. റോഡിൽനിന്ന് 50 അടിയോളം ഉയരത്തിലാണ് കോളനി. 65 വീടുകളിലായി 203 മനുഷ്യരുണ്ട്. ചുരുക്കം വീടുകളിലേ കിണറുള്ളൂ. അവയും വെള്ളം വറ്റിയ നിലയിലാണ്. താഴെ റോഡിലെത്തി പുലിക്കാവിനു സമീപത്തെ കിണറ്റിൽ നിന്നോ പഞ്ചായത്ത് കിണറ്റിൽ നിന്നോ വെള്ളം കോരി മുകളിലേക്ക് ചുമക്കുകയാണ് ചെയ്യുന്നത്.

ഉയര്‍ന്ന സ്ഥലത്ത് കിണർ കുഴിക്കണമെങ്കിൽ ഒരു ലക്ഷം രൂപയിലേറെ ചെലവാകും. ഇവിടത്തുകാർക്ക് അത് വെള്ളവുമായുള്ള കയറ്റത്തെക്കാൾ കഠിനമാണ്. വീടുകൾക്കു മുന്നിൽ ടാപ്പുകളുണ്ടെങ്കിലും പഞ്ചായത്ത് കുടിവെള്ള പദ്ധതിയിൽനിന്ന് ആഴ്ചയിൽ ഒരിക്കലെ വെള്ളമെത്തൂ എന്ന് നാട്ടുകാർ പറയുന്നു. ടാങ്കറിൽ വെള്ളം എത്തിച്ചാലും റോഡ് നിരപ്പിലുള്ള കിയോസ്കിൽ നിറയ്ക്കുകയേ ഉള്ളൂ. അവിടെനിന്ന് ശേഖരിച്ച് വീടുകളിലെത്തിക്കാൻ വയോധികരും രോഗികളുമായ വീട്ടമ്മമാർ വല്ലാതെ കഷ്ടപ്പെടുകയാണ്.

പാചകത്തിനും വിലകൊടുത്തുവാങ്ങണം

കുടിക്കാനും പാചകം ചെയ്യാനുമുള്ള വെള്ളം പണം കൊടുത്ത് വാങ്ങണം-ഇതാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് 4-ാം വാർഡിലെ സ്ഥിതി. ഇവിടെ വീടുകളിൽ ശുദ്ധജലം എത്തിയിട്ട് മാസം മൂന്നായി. കുടിക്കാനും പാചകത്തിനും 50 ലിറ്റർ വെള്ളം 20 രൂപ നൽകിയാണു വാങ്ങുന്നത്.

ഒരാഴ്ചയിലേക്ക് 50 ലിറ്ററിന്റെ എട്ട് ജാർ വെള്ളമെങ്കിലും വേണ്ടി വരും. 'കുഴൽക്കിണറിലെ വെള്ളമാണ് കുളിക്കാനും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. കരിങ്കല്ലിന്റെ നിറമാണ് ഇതിന്. സഹിക്കാൻ പറ്റാത്ത ദുർഗന്ധവും -നാട്ടുകാരിയായ വീട്ടമ്മ വെള്ളം കിട്ടാത്തതിന്‍റെ വിഷമം പങ്കുവെച്ചു.

അറവുകാട് ക്ഷേത്രത്തിന് വടക്കുവശം, പത്തിപ്പാലം, ഗുരുപാദം എന്നിവിടങ്ങളിൽ ഇരുന്നൂറോളം കുടുംബങ്ങളാണ് ശുദ്ധജലമില്ലാതെ വലയുന്നത്. 

വെള്ളംകുടി മുട്ടിച്ച്പഞ്ചായത്തുകൾ

പഞ്ചായത്തുകൾ തമ്മിലെ തർക്കത്തിൽ ശുദ്ധജലമില്ലാതെ 17 വർഷമായി നരകിക്കുകയാണ് ചെറുതന-വീയപുരം പഞ്ചായത്തുകളിലെ 18 കുടുംബങ്ങൾ. വീയപുരം -കാഞ്ഞിരംതുരുത്ത് റോഡിന്റെ പുത്തൻതുരുത്ത് ഭാഗത്ത് വടക്കുവശം വീയപുരം പഞ്ചായത്തിലെ ഒന്നാം വാർഡും തെക്കുവശം ചെറുതന പഞ്ചായത്തുമാണ്. ഇവർക്കുള്ള ശുദ്ധജലപൈപ്പ് കടന്നുപോകുന്നത് ചെറുതന പഞ്ചായത്തിന്റെ സ്ഥലത്ത് കൂടിയാണ്.

നിലവിലെ ജലവിതരണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ചെറുതന പഞ്ചായത്ത് അധികൃതരാണ് ശുദ്ധജലം നൽകാത്തതെന്ന് വീയപുരംകാർ പറയുന്നു.

കാഞ്ഞിരംതുരുത്ത് നിന്നുള്ള വെള്ളം സമീപത്തുവരെ എത്തുന്നുണ്ട്. ചെറുതനയിലെ അഞ്ച് വീട്ടുകാർക്കായി പുതിയ പൈപ്പിട്ട് ജലവിതരണം നടത്തുന്നത് പഞ്ചായത്തിന്‍റെ ആലോചനയിലാണ്. പ്രദേശവാസികൾക്ക് ശുദ്ധജലം എടുക്കുന്നതിന് ‌മെയിൻ പൈപ്പ് രണ്ടെണ്ണമുണ്ട്. എന്നാൽ, ആവശ്യമുള്ള സമയത്ത് വെള്ളം കാണില്ല. ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ കുഴൽക്കിണർ കുത്തി.

ഇതിനു സ്ഥലത്തിനായി നാട്ടുകാർ പിരിവെടുത്താണ് 10,000 രൂപ കണ്ടെത്തിയത്. 190 അടി താഴ്ത്തിയ കുഴൽക്കിണർ ഉപ്പുരസം കാരണം മൂടേണ്ടി വന്നു.

ചില വീടുകളിൽ കുഴൽക്കിണറുണ്ട്. സമീപത്തൂടെ ഒഴുകുന്ന മലിനമായ തോട്ടിലെ വെള്ളമാണ് കുളിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നത്.

സൂനാമി കോളനിയിൽ വെള്ളമില്ല

'കോളനിയിലേക്ക് വെള്ളം ലഭിക്കുന്നതിന് കുഴൽക്കിണർ സ്ഥാപിച്ചിട്ട് വർഷം ഒന്നായി. ഉദ്ഘാടനവും നടത്തി. പക്ഷേ വെള്ളമില്ല.' ചെമ്മീൻ ഷെഡിൽ ജോലിയിലായിരുന്ന പ്രദേശവാസി സീമ പറഞ്ഞു.

സൂനാമി ദുരന്തത്തിനുശേഷം പല സ്ഥലങ്ങളിൽനിന്ന് വന്ന 49 കുടുംബങ്ങളാണ് തീരദേശ മേഖലയായ അമ്പലപ്പുഴ 14-ാം വാർഡിലെ നവരാക്കൽ പടിഞ്ഞാറുള്ള സൂനാമി കോളനിയിലുള്ളത്. വെള്ളം ഭയന്ന് ഇവിടെയെത്തിയവർക്ക് ശുദ്ധജലമില്ല. 'അര കിലോമീറ്റർ അകലെ പ്രധാന പൈപ്പാണ് ശുദ്ധജലത്തിനുണ്ടായിരുന്ന ഏക ആശ്രയം. രാത്രി 12നു ശേഷമാണ് വെള്ളം വരുന്നത്. എന്നാൽ, തെരുവുനായുടെ ശല്യം തുടങ്ങിയതോടെ വെള്ളമെടുക്കാൻ പോകുന്നത് വേണ്ടെന്ന് വെച്ചു' കോളനിയിലെ ശ്യാമള പറയുന്നു.

സൂനാമി കോളനിയിൽ കഴിഞ്ഞ മാർച്ച് 29നാണ് പൈപ്പ് ഇട്ടത്. എന്നാൽ, ആ പൈപ്പിലൂടെ ഇനിയും വെള്ളമൊഴുകിയിട്ടില്ല. കുടിക്കാനും പാചകത്തിനുമുള്ള 50ലിറ്റർ വെള്ളം 50 രൂപ മുടക്കി വാങ്ങും. ഈ തുക ലഭിക്കണമെങ്കിൽ രണ്ട് പാത്രം ചെമ്മീൻ ഇവർ വൃത്തിയാക്കണം. കുളിക്കാനും മറ്റാവശ്യങ്ങൾക്കുമായി കുഴൽക്കിണർ ഉപയോഗിക്കും. കുഴൽക്കിണറിലെ വെള്ളം മോശമാണ്. എങ്കിലും നിവൃത്തിയില്ലാതെ വരുമ്പോൾ ഈ വെള്ളം കുടിക്കാനുമെടുക്കും.

Tags:    
News Summary - Water is the problem; But there is no solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.