പ്രതീകാത്മക ചിത്രം
ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്; ആലപ്പുഴ ജില്ലയിൽ മുണ്ടിനീര് പടരുന്നു
ആലപ്പുഴ: കുട്ടികളില്‍ മുണ്ടിനീര് രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശ്രദ്ധ വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ് അറിയിച്ചു. പാരമിക്സോ വൈറസ് രോഗാണുവിലൂടെയാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര് ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുത്.
രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായി ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുതിനു തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയ ശേഷം നാലു മുതല്‍ ആറുദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. കുട്ടികളിലാണ് കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്.
ലക്ഷണങ്ങൾ
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ് തുറക്കാനും ചവക്കാനും വെള്ളമിറക്കാനും പ്രയാസമനുഭവപ്പെടുന്നു. വിശപ്പില്ലായ്മ, ക്ഷീണം, വേദന, പേശി വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. നീര്, തൊണ്ടവേദന എന്നൊക്കെ കരുതി ചികിത്സ തേടുന്നത് വൈകരുത്.
ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമാകാം
ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണം. ഡോക്ടറെ കണ്ട് ചികിത്സ തേടുക. ഉമിനീര്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങള്‍ ഇവയുടെ കണികകള്‍ വായുവില്‍ കലരുന്നതുമൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരുന്നു. പ്രത്യേക ശ്രദ്ധപുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, പാന്‍ക്രിയാസ് ഗ്രന്ഥി ഇവക്ക് അണുബാധ ഉണ്ടാകുകയും ചികിത്സിച്ചില്ലെങ്കില്‍ കേള്‍വി തകരാറിനും ഭാവിയില്‍ പ്രത്യുല്പാദന തകരാറുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമായ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാനിടയുണ്ട്.
രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ ശ്രദ്ധിക്കുക
അസുഖ ബാധിതര്‍ പൂര്‍ണമായും രോഗം ഭേദമാകുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്കൂളില്‍ വിടരുത്. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുമുക്തമാക്കുക. ലക്ഷണങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ അധ്യാപകര്‍ രക്ഷിതാക്കളെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിക്കണം. പനി പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുടിവെള്ളം പങ്കിടാന്‍ അനുവദിക്കരുത്. രോഗികള്‍ ധാരാളം വെള്ളം കുടിക്കുക.
പുളിപ്പുള്ള പഴച്ചാറുകള്‍ പോലെയുള്ള പാനീയങ്ങള്‍ കുടിക്കേണ്ടതില്ല. ചവയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്ത നേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുക. നീരിന്റെയും വേദനയുടെയും പ്രയാസം കുറക്കാൻ ഇളം ചൂടുള്ള ഉപ്പുവെള്ളം ഗാര്‍ഗിള്‍ ചെയ്യുക. ഐസ് വെക്കുന്നതും ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ചൂട് വെക്കുന്നതും നീരിനും വേദനക്കും ആശ്വാസം നല്കാന് സഹായിക്കും. സാധാരണയായി രണ്ട് ആഴ്ചകൊണ്ട് രോഗം ഭേദമാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.