കുതിച്ച് പാഞ്ഞ് മലവെള്ളം; അപ്പർകുട്ടനാട് വെള്ളത്തിൽ മുങ്ങുന്നു

ഹരിപ്പാട്:  മലവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ ആറുകൾ നിറഞ്ഞ് കവിഞ്ഞതോടെ അപ്പർകുട്ടനാട്ടിലെ ദുരിതവും വർധിക്കുന്നു. കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിലായതോടെ ആളുകൾക്ക് വീട് വിട്ട് ഒഴിയുകയാണ്. ഓരോ നിമിഷവും ജലനിരപ്പ് ഉയരുന്നത് ജനങ്ങളുടെ ഭീതി വർധിപ്പിക്കുന്നു.

2018-ലെ പ്രളയ സമാനസാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കൂടുതൽ ക്യാമ്പുകൾ തുറന്നു. സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി പ്രതിസന്ധികൾ നേരിടാൻ വിവിധ വകുപ്പുകൾ സജ്ജമായി.  പമ്പ-അച്ചൻകോവിൽ ആറുകൾ കരകവിഞ്ഞ് ഭൂരിഭാഗം റോഡുകളും  വീടുകളും വെള്ളത്തിലായി. വീയപുരം - എടത്വ റോഡ്, വെളിയം -മാന്നാർ റോഡ്, വീയപുരം -മാന്നാർ റോഡ് വെള്ളത്തിനടിയിലായി.  ചെറുതന, നിരണം,കടപ്ര,മാന്നാർ,വെള്ളംകുളങ്ങര,വീയപുരം,പള്ളിപ്പാട്,ചെന്നിത്തല,തൃപ്പെരുന്തുറ തുടങ്ങിയ പ്രദേശങ്ങളുടെ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്.

നൂറു കണക്കിന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.പലരും വീടുവീട്ട് ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും അഭയം തേടുകയാണ്.പുഞ്ച കൃഷിക്കായി ഒരുക്കിയ പല പാടശേഖരങ്ങളിലും മട വീഴ്ചയുണ്ടായി.ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശാനുസരണം മേഖലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉച്ചഭാഷിണിയിലൂടെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുന്നുണ്ട്.  വിവിധ പഞ്ചായത്തുകൾക്ക് മുൻകരുതൽ എന്ന നിലയിൽ രക്ഷാപ്രവർത്തനത്തിന് ബോട്ടുകളും അനുബന്ധ സാമിഗ്രകളും പരിചയസമ്പന്നരായ രക്ഷാപ്രവർത്തകരെയും ലഭ്യമാക്കിയിട്ടുണ്ട്.

തോട്ടപ്പള്ളി കോസ്റ്റൽ  പൊലീസിൻ്റെ ബോട്ടും രക്ഷാപ്രവർത്തനത്തിനായി വീയപുരം ഭാഗത്ത് എത്തിയിട്ടുണ്ട്. കരിനില മേഖലയിലെ മിക്ക പാടശേഖരങ്ങളിലും രണ്ടാം കൃഷിയിറക്കിയിട്ടുണ്ട്.പല പാടശേഖര ങ്ങളും വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്നതാണ്. കരിനിലങ്ങളുടെ കരിങ്കൽ ബണ്ട് ഇന്നലെ ഉച്ചയോടെ കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ കർഷകർ മണൽച്ചാക്കുകൾ നിരത്തി വെള്ളത്തെ പ്രതിരോധിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ്.

രാപകൽ വ്യത്യാസമില്ലാതെ നൂറുകണക്കിന് നെൽക്കർഷകരാണ് വള്ളങ്ങളിൽ വലിയ ചെളിക്ക ട്ടകളും മണൽച്ചാക്കുകളുമായി ബണ്ടുകൾക്ക് കാവൽ നിൽക്കുന്നത്. സ്പിൽവേയുടെ കേടുപറ്റി അടഞ്ഞുകിടന്ന മുഴുവൻ ഷട്ടറുകളും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജെ സി ബി യും ക്രെയിനും ഉപയോഗിച്ച്  ഉയർത്തിക്കഴിഞ്ഞു.

Tags:    
News Summary - Mountain water; Upper Kuttanad submerged in water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-08 04:55 GMT