representative image

ആലപ്പുഴ നഗരത്തിൽ പൈപ്പിലൂടെ കലക്കവെള്ളം; അഴുക്കും ദുർഗന്ധവും

ആലപ്പുഴ: ശുദ്ധജലക്ഷാമം രൂക്ഷമായിരിക്കെ പൈപ്പ് വഴി കിട്ടുന്ന കുടിവെള്ളം അഴുക്കുനിറഞ്ഞത്. ദുർഗന്ധമുണ്ടെന്നും പരാതിയുണ്ട്. ചില സ്ഥലങ്ങളിൽ അധികൃതർ പരിശോധന തുടങ്ങി. വെള്ളം അശുദ്ധമായത് എങ്ങനെയെന്ന് കണ്ടെത്താൻ കാര്യമായ ശ്രമമില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡിൽ ചാരായ ഷാപ്പ് ഇടവഴിയിൽ അഞ്ച് വീട്ടുകാർക്ക് ജല അതോറിറ്റി ലഭ്യമാക്കുന്ന വെള്ളത്തിനാണ് ദുർഗന്ധം.

ഒരാഴ്ചയായി പൊതുടാപ്പിലെ വെള്ളം ഇവർ ഉപയോഗിക്കുന്നില്ല. വാർഡ് കൗൺസിലർ ബി.അജേഷ് ജലഅതോറിറ്റി ഡിവിഷൻ ഓഫിസിൽ അറിയിച്ചതിനെ തുടർന്ന് വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കരുമാടി ശുദ്ധജല പ്ലാന്റിൽ നിന്നുള്ള വിതരണം സംബന്ധിച്ച് പരാതികളില്ല. മഴ, പകർച്ചവ്യാധി സമയങ്ങളിൽ സൂപ്പർ ക്ലോറിനേഷൻ നടത്താറുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നഗരത്തിൽ മലിനജലം ലഭിക്കുന്നതായി ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ലെന്ന, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

എടത്വ പഞ്ചായത്ത് 15-ാം വാർഡ് ആയിരത്തിയൻപതും പാടത്തിന് നടുവിലെ തുരുത്തിൽ താമസിക്കുന്നവർക്ക് മൂന്നു വർഷത്തിലേറെയായി കലക്കവെള്ളമാണ് ലഭിക്കുന്നത്. പല തവണ പരാതി നൽകിയിട്ടും നടപടിയില്ല. നേരത്തേ കിടങ്ങറയിൽ നിന്നാണ് ഇവിടെ വെള്ളം എത്തിച്ചിരുന്നത്. ഇപ്പോൾ കണ്ടങ്കരി കുഴൽക്കിണറിൽ നിന്നാണ് വെള്ളം എത്തുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു. ചായയുടെ നിറത്തിലാണ് വെള്ളം കിട്ടുന്നത്. ശുചിമുറിയിൽ പോലും ഉപയോഗിക്കാൻ കൊള്ളില്ല.

അതിനിടെ, മണ്ണഞ്ചേരി പഞ്ചായത്തിലെ 21 സ്വകാര്യ ആർ.ഒ പ്ലാന്റുകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഗുണനിലവാരം കുറവാണെന്ന് കണ്ടെത്തിയവക്ക് നോട്ടിസ് നൽകിയതായി അധികൃതർ പറഞ്ഞു. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ 36 സ്വകാര്യ ആർ.ഒ പ്ലാന്റുകളുണ്ട്. ഇവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ചിലർ ജല അതോറിറ്റിയുടെ വെള്ളവും മറ്റു ചിലർ കുഴൽക്കിണറിലെ വെള്ളവുമാണ് എടുക്കുന്നത്. 

Tags:    
News Summary - Dirt water through pipe water in city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.