മഴ വെള്ളമിറങ്ങിയെങ്കിലും ക്യാമ്പ് വിട്ട് വീട്ടിലേക്ക് മടങ്ങാനാകാതെ അനു

ചെങ്ങന്നൂർ: അപകടനിലയിലായ വീട്ടിലേക്കു അനുവിന് ക്യാമ്പിൽ നിന്നും വീട്ടിലേക്കു മടങ്ങാൻ ആഗ്രഹമില്ല. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ക്യാമ്പുകൾ വിട്ട് വീടുകളിലേക്കു മടങ്ങാനുള്ള തിടുക്കത്തിലാണ് എല്ലാവരും. പുരുഷന്മാരും മുതിർന്ന സ്ത്രീകളുമടക്കം പലരും തങ്ങളുടെ വീടുകളിലെത്തി ശുചീകരണത്തിനു തുടക്കമിടുകയും ചെയ്തു. എന്നാൽ മുളക്കുഴ പഞ്ചായത്ത് നാലാം വാർഡിൽ ചെമ്പൻചിറ പുതുവൽ വീട്ടിൽ പ്രഭയുടെ മകൾ പൂർണ ഗർഭിണികൂടിയായ അനു (26)വിന് വീട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ചു ചിന്തിക്കുമ്പോൾ ഹൃദയമിടിപ്പു കൂടുകയാണ്. വാസ യോഗ്യമല്ലാത്ത അപകട നിലയിലായ വീടിന്‍റെ അവസ്ഥയോർത്തുള്ള ഭയമാണ്.

മാനമിരുണ്ടാൽ ഈ കുംബത്തിന്‍റെ നെഞ്ചിടിപ്പുയരും. നീളാത്ത് പുഞ്ചയോടു ചേർന്ന താഴ്ന്ന പുരയിടത്തിലാണ് അനുവിന്‍റെ അപകട നിലയിലായ കൊച്ചു വീട്. ഇവിടെ അനുവിന്‍റെ ഒന്നരയും ആറും വയസും വീതമുള്ള രണ്ടു പെൺകുട്ടികളും വിധവയായ അമ്മ പ്രഭയും കൊല്ലം സ്വദേശിയായ ഭർത്താവ് രാജേഷുമാണ് താമസം. പിതാവ് സി.കെ. അജി മരിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞു. 20 വർഷം മുമ്പ് ബ്ലോക്കിൽ നിന്നും അനുവദിച്ച പദ്ധതി വീടാണു കാലപഴക്കത്താൽ ഇടിഞ്ഞു പൊളിഞ്ഞ് ഇപ്പോൾ വാസയോഗ്യമല്ലാതെ ഏതുനിമിഷവും നിലംപൊത്താറായ നിലയിലുള്ളത്. കഴിഞ്ഞ പ്രളയത്തിൽ ഭാഗികമായി തകർന്നിരുന്നു.

ഏറെക്കാലമായി പുതിയ വീടിനുള്ള അപേക്ഷയുമായി പഞ്ചായത്ത് അധികൃതർക്കു മുമ്പിൽ കയറിയിറങ്ങുകയാണ്. ഇതുവരെ അനുകൂല തീരുമാനം ഉണ്ടായില്ല. അപകട നിലയിലായ വീട്ടിലേക്ക് ഗർഭിണിയായ മകളേയും കുട്ടികളേയും കൊണ്ടുളള മടക്കം അമ്മ പ്രഭയ്ക്കും ഭയമാണ്. അതുകൊണ്ടു തന്നെ മുളക്കുഴ ഗവ. എൽ.പി സ്കൂളിലെ ഇപ്പോഴത്തെ ദുരിതാശ്വാസ ക്യാമ്പ് ഇവർക്കിപ്പോൾ രണ്ടാം വീടുപോലെ ആശ്വാസമാണ്.

ആരോഗ്യ പ്രവർത്തകരുടെ നിരന്തര ശ്രദ്ധയും പരിശോധനയും മറ്റും അനുവിന് ക്യാമ്പിൽ ലഭിക്കുന്നുണ്ട്. ഈ ആഴ്ച അവസാനത്തോടെ ക്യാമ്പ് പിരിച്ചു വിടുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ പിന്നെ എങ്ങോട്ട് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണീ കുടുംബം. അഛന്‍റെ പേരിലുള്ള രണ്ടു സെന്‍റ് ഭൂമിയിൽ തകർച്ചയിലായ വീടിനു പകരം അടച്ചുറപ്പുള്ള ഒരു വീട്, അതു മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് നിറഞ്ഞ കണ്ണുകൾ തുടച്ച് അനു പറയുന്നു.

Tags:    
News Summary - Anu in relief camp wants a good home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.