താമരക്കുളത്ത് മൂന്ന് പ്രസിഡൻറുമാരുൾപ്പെടെ 12 മുൻ അംഗങ്ങൾ മത്സരരംഗത്ത്

ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ മൂന്ന്​ മുൻ പ്രസിഡൻറുമാർ ഉൾപ്പെടെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിലെ 12 മുൻ അംഗങ്ങൾ മത്സര രംഗത്ത്. ചത്തിയറ 15ാം വാർഡിലെ മത്സരം മുൻ പ്രസിഡൻറുമാർ തമ്മിലാണ്​. ബി.ജെ.പിയുടെ മൂന്ന്​ സിറ്റിങ്​ സീറ്റുകളിൽ അതേ അംഗങ്ങൾ വീണ്ടും സ്ഥാനാർഥികളാണ്. ജനറൽ വാർഡായ ചത്തിയറ 15ൽ കഴിഞ്ഞ ഭരണസമിതിയിൽ അഞ്ചുവർഷം പ്രസിഡൻറായിരുന്ന സി.പി.എമ്മിലെ വി. ഗീതയും മുൻ പ്രസിഡൻറ്​ കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി അധ്യക്ഷൻ കൂടിയായ ജി. വേണുവും മത്സരിക്കുന്നു. മുൻ പ്രസിഡൻറും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറുമായിരുന്ന സി.പി.എമ്മിലെ എം.കെ. വിമലൻ ഒമ്പതാം വാർഡിൽ ജനവിധി തേടുന്നു. കഴിഞ്ഞ ഭരണ സമിതിയിൽ അംഗമായിരുന്ന ദീപയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. മൂന്നാം വാർഡിൽ മുൻ പഞ്ചായത്ത് അംഗം എം. നിർമല സി.പി.എം സ്ഥാനാർഥിയാണ്. ആറാം വാർഡിൽ കഴിത്ത ഭരണസമിതിയിൽ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന സി.പി.ഐയിലെ സുജ ഓമനക്കുട്ടൻ വീണ്ടും മത്സരിക്കുന്നു. ഏഴാം വാർഡിൽ മുൻ പഞ്ചായത്ത് അംഗം കോൺഗ്രസിലെ എൻ. ശ്രീകുമാർ ഇത് മൂന്നാം തവണയാണ് ജനവിധി തേടുന്നത്. 10ാം വാർഡിൽ മുൻ വൈസ് പ്രസിഡൻറ്​ വിജയമ്മ രഘുവും 13ാം വാർഡിൽ മുൻ സ്ഥിരംസമിതി അധ്യക്ഷ ജലീല ഹബീബും കോൺഗ്രസ് സ്ഥാനാർഥികളാണ്. 16ാം വാർഡിൽ കഴിഞ്ഞ ഭരണസമിതിയിലെ ബി.ജെ.പി അംഗം സുനിത ഉണ്ണി വീണ്ടും ജനവിധി തേടുന്നു. 17ാം വാർഡിൽ മുൻ സ്ഥിരം സമിതി അധ്യക്ഷൻ സി.പി.എമ്മിലെ വി. പ്രകാശും കഴിഞ്ഞ ഭരണസമിതിയിലെ ബി.ജെ.പി അംഗം എം.പി. രാജിയും മത്സരിക്കുന്നു. കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരണത്തിലായിരുന്ന ഇവിടെ ആകെ 17 വാർഡുകളാണുള്ളത്. സി.പി.എം -ഒമ്പത്​, സി.പി.ഐ -രണ്ട്​, ബി.ജെ.പി -അഞ്ച്​, പി.ഡി.പി -ഒന്ന്​ എന്നതാണ് കക്ഷിനില. എല്ലാ വാർഡുകളിലും സി.പി.എം, കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർഥികൾ മത്സരരംഗത്താണ്. രണ്ടു വാർഡുകളിൽ വീതം പി.ഡി.പിക്കും എസ്.ഡി.പി.ഐക്കും സ്ഥാനാർഥികളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.