എക്സൽ ഗ്ലാസസ്​: ലിക്വിഡേറ്ററുടെ നടപടിയിൽ സർക്കാർ ഇടപെടണം-എംപ്ലോയിസ്​ കൂട്ടായ്മ

ആലപ്പുഴ: പാതിരപ്പള്ളി എക്സൽ ഗ്ലാസസ്​ ഫാക്ടറിയിലെ ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുന്ന ലിക്വിഡേറ്ററുടെ നടപടി അവസാനിപ്പിക്കണമെന്ന് എക്സൽ ഗ്ലാസസ്​ എംപ്ലോയീസ്​ കൂട്ടായ്മ ഭാരവാഹികൾ. അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നിന്​ സംസ്ഥാന സർക്കാർ ഇടപെടണം. സ്ഥലം ഒഴികെ, കമ്പനിയിലെ മറ്റുസാധനങ്ങളും യന്ത്രസാമഗ്രികളും ലേലംചെയ്ത് 17 കോടിയോളം കോടതിയിൽ കെട്ടിവെച്ചിട്ടുണ്ട്. തൊഴിലാളികളുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ 7.35 കോടി രൂപ മതിയാകും. എന്നിട്ടും ഇതുനൽകാൻ ലിക്വിഡേറ്റർ തയാറാകാത്തത് പ്രതിഷേധാർഹമാണ്. വിരമിക്കൽ ആനുകൂല്യം വാങ്ങിനൽകാൻ തൊഴിലാളി യൂനിയനുകളും ശ്രമിക്കുന്നില്ല. ദേശീയ കമ്പനി നിയമ ട്രിബ്യൂണലി‍ൻെറ (എൻ.സി.എൽ.ടി.) വിധി അംഗീകരിച്ച് 350ൽപരം ജീവനക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. പിരിഞ്ഞിട്ട് 13 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നൽകാത്തത് പ്രതിഷേധാർഹമാണ്. തൊഴിലാളികളിൽ 30 പേർ ആനുകൂല്യവും കിട്ടാതെ മരിച്ചു. പലരും രോഗികളും പ്രായാധിക്യത്താൽ പ്രയാസപ്പെടുന്നവരുമാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സി.പി. ബോസ് ലാൽ, എം.ബാബു, കെ.എസ്. പ്രസാദ്, ജോർജ്​ ടി. മാത്യു, ടി.എ. തങ്കപ്പൻ, രമണൻ കാളാശ്ശേരി, സെബാസ്റ്റ്യൻ, തത്തംപള്ളി ജോസഫ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.