യുക്രെയ്​നിൽനിന്നും മടങ്ങിയെത്തിയ വിദ്യാർഥികളെ സന്ദർശിച്ച്​​ എച്ച്. സലാം എം.എല്‍.എ

അമ്പലപ്പുഴ: യുദ്ധഭൂമിയിലെ ദുരിതങ്ങളെ അതിജീവിച്ച് പിറന്നമണ്ണിലെത്തിയ വിദ്യാർഥികളെ എം.എൽ.എ വീടുകളിലെത്തി സന്ദർശിച്ച്​ മധുരം നൽകി. തോട്ടപ്പള്ളി നന്ദനം വീട്ടിൽ ചന്ദന, പുന്നപ്ര ഹമീദ മൻസിലിൽ അനീസ് റാവുത്തർ, യമുനയിൽ ഹരീഷ് എച്ച്. നായർ, വണ്ടാനം തോപ്പിൽ വീട്ടിൽ സുകൃതി, ആലപ്പുഴ സക്കറിയ ബസാറിനു സമീപം നസ്റീസ് മൻസിലിൽ നസ്രിം ബീഗം എന്നിവരുടെ വീടുകളാണ് എച്ച്. സലാം എം.എൽ.എ സന്ദർശിച്ചത്. മിസൈലുകൾ പൊട്ടുന്നതി‍ൻെറയും കെട്ടിടങ്ങൾ തകരുന്നതി‍ൻെറയും കാതടപ്പിക്കുന്ന ശബ്ദം ഭൂമിക്കടിയിലെ കിടങ്ങുകൾ പോലെയുള്ള വൃത്തിഹീനമായ ബങ്കറുകളിലിരുന്ന് ഭയപ്പാടോടെ കേട്ടിരുന്നതായി കുട്ടികൾ പറഞ്ഞു. ഹോസ്റ്റൽ മുറികളിൽനിന്ന് ബങ്കറുകളിലേക്ക് വേഗത്തിൽ മാറണമെന്ന നിർദേശം ലഭിച്ചപ്പോൾ ഉണ്ടായിരുന്ന ഭക്ഷണവും ഏതാനും വസ്ത്രങ്ങളും മാത്രമേ കൈയിൽ കരുതാനായുള്ളു. ദിവസങ്ങൾ പിന്നിട്ടതോടെ കരുതിയ ഭക്ഷണം തീർന്നു. ഏതുവിധേനയും നാട്ടിലെത്തിയാൽ മതിയെന്ന ചിന്തയായി. അപ്പോഴും വീട്ടുകാർ വിളിക്കുമ്പോൾ സുഖമായിരിക്കുന്നു എന്ന മറുപടിയാണ് നൽകിയിരുന്നതെന്ന് കുട്ടികൾ പറഞ്ഞു. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നിന്നായി 18 വിദ്യാർഥികളാണ് യു​ക്രെയ്​നിൽ മെഡിക്കൽ വിദ്യാഭ്യാസത്തിനായി പോയത്. മൂന്നു മാസം മുതൽ അഞ്ചര വർഷം വരെ പഠനം പൂർത്തിയാക്കിയവരാണ് ഇവരിൽ പലരും. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്നവരുടെയും വാടക വീട്ടിൽ കഴിയുന്ന കുടുംബങ്ങളിൽ നിന്നുമുള്ള കുട്ടികളിൽ ചിലരും ഉന്നത വിദ്യാഭ്യാസം തേടി യുക്രെയ്​നിൽ പോയിരുന്നു. ഇവരിൽ പലരുടെയും സ്കൂൾ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾ യുക്രെയ്​നിലെ യൂനിവേഴ്സിറ്റികളിലാണ്. ഇവ തിരികെ ലഭിക്കുന്നതിനോ തുടർ പoനം സാധ്യമാക്കുന്നതിനോ കഴിയുന്ന സഹായം ലഭ്യമാക്കുമെന്ന് എം.എൽ.എ പറഞ്ഞു. (ചിത്രം...സക്കറിയ ബസാറില്‍ നസ്റീസ് മന്‍സില്‍ നസ്രിംബീഗത്തിന് എച്ച്. സലാം എം.എല്‍.എ മധുരം നല്‍കുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.