സർക്കാർ പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമാധ്യാപകർ ഇല്ലാതെ രണ്ടാമത് അധ്യയന വർഷം

അമ്പലപ്പുഴ: സർക്കാർ പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമാധ്യാപകർ ഇല്ലാതെ രണ്ടാമത് അധ്യയന വർഷം. ഇതേതുടർന്ന് സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളും ഓൺലൈൻ വിദ്യാഭ്യാസവും താളം തെറ്റി. പ്രഥമാധ്യാപക സ്ഥാനക്കയറ്റം നടക്കാത്തതിനാൽ 1596 നിയമനങ്ങൾ നഷ്​ടപ്പെടുമെന്ന ആശങ്കയിലാണ് റാങ്ക് ലിസ്​റ്റിലുള്ള ഉദ്യോഗാർഥികൾ. ഈ വർഷം ഡിസംബറിലാണ് നിലവിലുള്ള ലിസ്​റ്റ്​ അവസാനിക്കുന്നത്. അധ്യാപക ദിനത്തിൽ വിദ്യാഭ്യാസ മന്ത്രി നിയമാനുസരണം നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. യോഗ്യത പരീക്ഷ പാസായ അധ്യാപകർക്ക് പ്രമോഷൻ നൽകാനും യോഗ്യതയില്ലാത്തവരെ മടക്കാനും കോടതി ഉത്തരവിട്ടിരുന്നു. ടെസ്​റ്റ്​ യോഗ്യതയില്ലാത്തവർ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതാണ് പ്രഥമാധ്യാപക സ്ഥാനക്കയറ്റം നടക്കാത്തതിന് കാരണമായി അധികൃതർ പറയുന്നത്. 2021-22 അധ്യയന വർഷത്തെ അന്തർ ജില്ല സ്ഥലം മാറ്റം, 2019-20, 2020-21,2021-22 അധ്യയന വർഷത്തെ അന്തർജില്ല സഹതാപാർഹ സ്ഥലം മാറ്റം എന്നിവയും നടന്നിട്ടില്ല. ഇതേതുടർന്നുള്ള ഒഴിവുകൾ ലഭിക്കുന്നില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. ഇത്തരം സ്ഥലം മാറ്റം വിദ്യാഭ്യാസ വകുപ്പ് നടത്തുന്നില്ലെങ്കിൽ ഈ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട്​ ചെയ്യാൻ നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് ഓൾ കേരള എൽ.പി.എസ്.എ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ബിനു കൊച്ചുചെറുക്കൻ, ക്രിസ്​റ്റി ബെൻ ഇടുക്കി, മഞ്ജുഷ കോട്ടയം എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.