കായംകുളം നഗരസഭ: കോൺഗ്രസും ഘടകകക്ഷികളും തമ്മിൽ തർക്കം രൂക്ഷം

കായംകുളം: നഗരസഭ സീറ്റ് നിർണയത്തിൽ യു.ഡി.എഫിൽ കോൺഗ്രസും ഘടകകക്ഷികളും തമ്മിൽ തർക്കം രൂക്ഷം. കോൺഗ്രസിലെ പൊട്ടിത്തെറി അണിയറയിൽ അസംതൃപ്തരുടെ പടയൊരുക്കത്തിനും കാരണമായിരിക്കുകയാണ്. ഒരു വാർഡിൽ ലീഗും കോൺഗ്രസും തമ്മിൽ സൗഹൃദ മത്സരത്തിനും സാധ്യത ഉയർന്നു. ചില നേതാക്കളുടെ കടുംപിടിത്തവും ഗ്രൂപ് അതിപ്രസരണവുമാണ് തമ്മിലടിയുടെ രൂക്ഷത വർധിപ്പിക്കുന്നത്. വാർഡിൽ ജനകീയാടിത്തറയുള്ള നേതാക്കളെ ഒഴിവാക്കി ഗ്രൂപ് താൽപര്യങ്ങളാൽ ഇഷ്​ടക്കാർക്ക് സ്ഥാനാർഥിത്വം നൽകിയെന്ന ആക്ഷേപവും ശക്തമാണ്. പേയ്മൻെറ് സീറ്റ് ആരോപണം ഉയരുന്ന തരത്തിലാണ് സ്ഥാനാർഥിപ്പട്ടിക ജില്ല നേതൃത്വത്തിന് സമർപ്പിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ഇതിനിടെ ചോദിച്ച വാർഡ് നൽകാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ യു. മുഹമ്മദ് മത്സരത്തിൽനിന്ന്​ വിട്ടുനിന്നേക്കും. താമസിക്കുന്ന വാർഡായ 21നുപകരം നേര​േത്ത മത്സരിച്ച 24ാം വാർഡിലേക്കാണ് ഇദ്ദേഹത്തെ നിർദേശിച്ചിരിക്കുന്നത്. ഇതാണ് പ്രതിഷേധത്തിന് കാരണം. യൂത്ത് കോൺഗ്രസ് നേതാക്കളെ തഴഞ്ഞതും അസ്വാരസ്യത്തിന് കാരണമായിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരെ ഒഴിവാക്കിയതിൽ പ്രതിഷേധം പുകയുകയാണ്. ചില വാർഡുകളിൽ സ്വതന്ത്ര ലേബലിൽ മത്സരിക്കാനുള്ള നീക്കവും പലരും നടത്തുന്നു. അസംതൃപ്തരുടെ കൂട്ടായ്മ രൂപപ്പെടുത്താനും ഇടപെടലുണ്ട്. ഘടകകക്ഷികളെ പരിഗണിക്കാൻ സമയമില്ലാത്ത തരത്തിലാണ് കോൺഗ്രസിനുള്ളിൽ പോര് മുറുകിയിരിക്കുന്നത്. 43ാം വാർഡിനെച്ചൊല്ലിയുള്ള തർക്കം മുന്നണിബന്ധം തകർക്കുന്ന തരത്തിലാണ് പുരോഗമിക്കുന്നത്. സ്​റ്റാറ്റസ്കോ പരിഗണിച്ച് സിറ്റിങ്​ വാർഡ് വിട്ടുനൽകണമെന്ന ലീഗിൻെറ ആവശ്യം കോൺഗ്രസ് തള്ളിയതോടെ ഇവിടെ സൗഹൃദ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. മറ്റ് ഘടകകക്ഷികളുമായി ഇതുവരെ സീറ്റ് ധാരണ രൂപപ്പെടുത്താനുമായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.