കായലിൽ പായൽ തിങ്ങി; വാരിമാറ്റാൻ മത്സ്യത്തൊഴിലാളികൾ രംഗത്ത്​

അരൂർ: കൈതപ്പുഴ കായലിൽ പായൽ തിങ്ങിക്കൂടി മത്സ്യബന്ധനം അസാധ്യമായതോടെ പായൽവാരി കരയിലാക്കാൻ മത്സ്യത്തൊഴിലാളികൾ രംഗത്തിറങ്ങി. അരൂർ മേഖലയിൽ എഴുപുന്ന-അരൂർ ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘം എന്നിവയുടെ നേതൃത്വത്തിലാണ് പായൽ വാരൽ നടക്കുന്നത്. 10 മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ ചേർന്ന് നാലുദിവസം തുടർച്ചയായി പായൽവാരാൻ 1000 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. ഒരാൾക്ക് പ്രതിദിനം 660 രൂപ വേതനം ലഭിക്കും. ഫിഷറീസ് വകുപ്പ് മത്സ്യഫെഡ് വഴിയാണ് തുക നൽകുന്നത്. 6,60,000 രൂപയാണ് അനുവദിച്ചത്. കായലിൽ പായൽ തിങ്ങിയതുമൂലം ഊന്നി-ചീനവല മത്സ്യബന്ധനം പൂർണമായും നിലച്ചു. കൈതപ്പുഴ കായലുമായി ബന്ധപ്പെട്ട ചെറുകായലുകളിലും പായൽ തിങ്ങിയിട്ടുണ്ട്. വാരുന്ന പായൽ വഞ്ചിയിലാക്കി ആളൊഴിഞ്ഞ ഭാഗത്ത് തള്ളും. ഇത് വളത്തിനായി ഉപയോഗിക്കുമെന്ന് അരൂർ-എഴുപുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡൻറ്​ ഒ.കെ. മോഹനൻ പറഞ്ഞു. ചിത്രം: AP64 Payal കൈതപ്പുഴ കായലിൽ പായൽ വാരുന്ന മത്സ്യത്തൊഴിലാളികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.