കരുവാറ്റ ബാങ്ക്​ കവർച്ച ചുരുളഴിയിച്ചത്​ 'ഓപറേഷൻ ഹോളിഡേ ഹണ്ടേഴ്സ്'

പൊലീസ് പരിശോധിച്ചത് 25 ലക്ഷം ഫോൺ കാൾ ഹരിപ്പാട്: കരുവാറ്റ ബാങ്ക് കവർച്ചയുടെ ചുരുളഴിച്ചത്​ ഓപറേഷൻ ഹോളിഡേ ഹണ്ടേഴ്സ്. കവർച്ചവിവരം അറിയാൻ വൈകിയതും സി.സി ടി.വി അടക്കം കവർച്ച ചെയ്തതും അന്വേഷണ സംഘത്തെ കുഴപ്പിച്ചിരുന്നു. ഒടുവിൽ ഒന്നര മാസത്തിനുശേഷമാണ്​ രണ്ട് പ്രതികൾ പിടിയിലായത്​. കേസിന് തുമ്പുണ്ടാക്കാൻ പൊലീസ് പരിശോധിച്ചത് 25 ലക്ഷത്തോളം ഫോൺ വിളികളാണ്​. എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്കുമാറി​ൻെറ നിർദേശപ്രകാരം ആലപ്പുഴ ജില്ല പൊലീസ്​ മേധാവി പി.എസ്. സാബുവി​ൻെറ നേതൃത്വത്തിൽ ഹോളിഡേ ഹണ്ടേഴ്സ് എന്ന പേരിൽ 18 അംഗ സംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്. സമാന കേസുകളിൽപെട്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്​ടാക്കളെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചത്. ലോക്കർ മുറിച്ച ഗ്യാസ് സിലിണ്ടറി​ൻെറ ഉറവിടം തേടി നടത്തിയ അന്വേഷണം ചെന്നെത്തിയത് അടൂർ പറക്കോ​ട്ടെ ഗ്യാസ് ഗോഡൗണിലാണ്​. തുടർന്ന് ഗോഡൗണി​ൻെറ അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള 250 സി.സി ടി.വി കാമറയിലെ 10 ദിവസത്തെ ദൃശ്യങ്ങൾ പരിശോധിച്ചു. പിന്നീട് ഈ ഭാഗത്തെയും ബാങ്കി​ൻെറയും അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള ഒരാഴ്ചത്തെ 10 ലക്ഷത്തോളം ഫോൺ കാളുകളും പരിശോധിച്ചു. ഒരു വർഷത്തിനിടെ ജില്ലക്ക് അകത്തും പുറത്തും ജയിൽ മോചിതരായവരെയും അവരുമായി ബന്ധപ്പെട്ട 700 പേരെയും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും 15 ലക്ഷത്തോളം കാളുകൾ പരിശോധിക്കുകയും ചെയ്തു. സംസ്ഥാനത്ത് റോഡുകളിലെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ഗ്യാസ് കട്ടറിൽ ഉപയോഗിക്കുന്ന ട്യൂബി​ൻെറ ഉറവിടം തേടിപ്പോയത് നൂറോളം കടകളും നിരവധി കരിങ്കൽ ക്വാറികളിലുമായിരുന്നു. ഓണത്തിനുശേഷം സ്വർണം പണയംവെച്ചവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. അഡീഷനൽ എസ്.പി എൻ. രാജൻ, കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി, മാവേലിക്കര, ഹരിപ്പാട്​ എസ്.എച്ച്.ഒമാരായ ബി. വിനോദ് കുമാർ, ആർ. ഫയാസ്, കുറത്തികാട് എസ്.ഐ അജിത്, എസ്.ഐമാരായ നെവിൻ, ഇല്യാസ്, എ.എസ്.ഐമാരായ മൊഹങ്കുമാർ, സന്തോഷ്, സൈബർ സെൽ വിദഗ്​ധൻ എ.എസ്.ഐ സുധീർ, സന്തോഷ്, സീനിയർ സി.പി.ഒമാരായ ശ്രീകുമാർ, പ്രതാപ് മേനോൻ, ലിമുമാത്യു, ബിനുമോൻ, ഉണ്ണികൃഷ്ണപിള്ള, സി.പി.ഒമാരായ രാഹുൽരാജ്, ഷഫീഖ്​, അരുൺ ഭാസ്കർ, മണിക്കുട്ടൻ, മുഹമ്മദ് ഷാഫി, നിഷാദ്, ഹരികൃഷ്ണൻ, ഷാജഹാൻ, വിപിൻ, അരുൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.