ഡെങ്കിപ്പനിക്കെതിരെ കരുതല്‍ വേണം -ഡി.എം.ഒ

ആലപ്പുഴ: മഴ വ്യാപകമായതോടെ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട്​ പെരുകാനുള്ള സാധ്യതയേറി. കോവിഡ് ഭീതിക്കിടയിലും ഡെങ്കിപ്പനിക്കെതിരെ പ്രത്യേക കരുതല്‍ വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഈഡിസ് കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിട്ട് വളരുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍, പ്ലാസ്​റ്റിക് കവറുകള്‍, മുട്ടത്തോടുകള്‍ എന്നിവയില്‍ മഴവെള്ളം കെട്ടിനിന്ന്​ കൊതുക് പെരുകാനിടയാകും. അങ്ങനെയുള്ള സാഹചര്യം ഇല്ലായെന്ന് ഉറപ്പുവരുത്തണം. ശുദ്ധജലസംഭരണി, കുടിവെള്ളം സംഭരിച്ചുവെക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുക് കടക്കാത്തവിധം മൂടിവെക്കണം. ഈഡിസ് കൊതുകുകള്‍ പകല്‍ സമയം കടിക്കുന്നതിനാല്‍ ശരീരം മറഞ്ഞിരിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കണം. രാവിലെയും വൈകീട്ടും കൊതുക് കടക്കാതിരിക്കാൻ ജനലുകളും വാതിലുകളും അടച്ചിടണം. തുണികള്‍, കര്‍ട്ടനുകള്‍, മേശ, കസേര എന്നിവിടങ്ങളില്‍ വിശ്രമിക്കുന്ന കൊതുകുകളെ നശിപ്പിക്കണം. എല്ലാ ഞായറാഴ്ചകളിലും ഡ്രൈഡേ ആചരിച്ച്​ വീട്ടിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന് വീട്ടിലും പരിസരത്തും കൊതുകി​ൻെറ ഉറവിടങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തണം. പനിയുണ്ടായാല്‍ സ്വയം ചികിത്സ പാടില്ല. അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും ഡി.എം.ഒ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.