വീട്ടിനുള്ളിൽനിന്ന്​ രാജവെമ്പാലയെ പിടികൂടി

(ചിത്രം) പുനലൂർ: ആര്യങ്കാവിൽ വീട്ടിനുള്ളിൽനിന്ന്​ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ആര്യങ്കാവ് എൽ.പി സ്​കൂൾ മുൻ ഹെഡ്മാസ്​റ്റർ കരയാളർമെത്തിൽ മണിയുടെ വീട്ടിൽ നിന്നാണ് വാവ സുരേഷ് 14 അടിയോളം നീളമുള്ള പെൺ രാജവെമ്പാലയെ പിടിച്ചത്​. ആറ് വയസ്സോളം പ്രായം വരും. ഉച്ചക്ക് വീട്ടുകാർ ടി.വി കണ്ടുകൊണ്ടിരിക്കുമ്പോൾ രാജവെമ്പാല വീടിനുള്ളിലേക്ക് കയറുകയായിരുന്നു. പിടികൂടിയ പാമ്പിനെ പിന്നീട്​ കാട്ടിലേക്ക്​ വിട്ടു. ബസ് ഡിപ്പോ പരിസരം കാടുമൂടി പാമ്പുകളുടെ താവളമായി (ചിത്രം) പുനലൂർ: പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയുടെ പരിസരം കാടുമൂടി പാമ്പകളുടെ താവളമായി. ജീവനക്കാരും യാത്രക്കാരും ഭയപ്പാടിൽ. കഴിഞ്ഞദിവസവും ഡിപ്പോയിൽനിന്ന്​ മലമ്പാമ്പിനെ പിടികൂടിയിരുന്നു. ഡിപ്പോയുടെ ഒരുവശം കല്ലടയാറിൻെറയും മറുവശം വെട്ടിപ്പുഴ തോടിൻെറയും തീരമാണ്. കാടുമൂടിക്കിടക്കുന്ന ഇവിടെ നിന്നാണ് വിഷപ്പാമ്പുകൾ ഡിപ്പോയിലേക്ക് കയറുന്നത്. ഗാരേജിലടക്കം ജീവനക്കാർ രാത്രിയിൽ ഭയപ്പാടോടെയാണ് ഇവിടെ ജോലിചെയ്യുന്നത്. ആറ്റുതീരത്ത് വിനോദ സഞ്ചാരത്തിൻെറ ഭാഗമായി നഗരസഭയും ജില്ല ടൂറിസവും പദ്ധതി നടപ്പാക്കാൻ ഒരു വർഷംമുമ്പ് തുടക്കമിട്ടെങ്കിലും എങ്ങുമെത്തിയില്ല. തീരത്തുകൂടി നിർമിച്ച നടപ്പാതയിലടക്കം മൂടിയ കാട് ഡിപ്പോ വളപ്പിലേക്ക് പടർന്നുകിടക്കുന്നു. വനത്തിൽനിന്നും മറ്റും ആറ്റിലൂടെ ഒഴുകിയെത്തുന്ന മലമ്പാമ്പടക്കം ഡിപ്പോ വളപ്പിലേക്ക് കടക്കുന്നു. മൂർഖൻ, അണലി, ശംഖുവരയൻ തുടങ്ങിയ വിഷപ്പാമ്പുകളും ഈ പരിസരത്ത് ധാരാളമായുണ്ടെന്ന് ഡിപ്പോ ജീവനക്കാർ പറയുന്നു. ആറ്റുതീരത്തെ കാട് ആരുനീക്കുമെന്ന തർക്കവുമുണ്ട്. ലോക്ഡൗൺ: പാറ കൊണ്ട് റോഡ് അടച്ചതിൽ പ്രതിഷേധം (ചിത്രം) പുനലൂർ: നഗരസഭ വാർഡുകളിലെ കണ്ടെയ്ൻമൻെറ് നിയന്ത്രണത്തിൻെറ ഭാഗമായി ചാലിയക്കരയിൽ പഞ്ചായത്ത് റോഡ് പാറ കൊണ്ട് അടച്ചതിൽ പ്രതിഷേധം. നഗരസഭയിലെ നെല്ലിപ്പള്ളി വാർഡിൽ കോവിഡ് ബാധിച്ച് വയോധിക മരിച്ചിരുന്നു. കൂടാതെ ഒരു കുടുംബത്തിലെ മറ്റ് ആറ് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഇതിനെ തുടർന്ന് നഗരസഭയിലെ നെല്ലിപ്പള്ളി, കല്ലാർ, വിളക്കുവെട്ടം വാർഡുകളിൽ ത്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച് പൊലീസ് നിയന്ത്രണം ശക്തമാക്കി. ഇതിൻെറ ഭാഗമായാണ് തെന്മല പഞ്ചായത്തിലെ ചാലിയക്കര, ഉപ്പുകുഴി ഭാഗങ്ങളിലുള്ളവർ നെല്ലിപ്പള്ളി റോഡിലൂടെ പുനലൂർ പട്ടണത്തിലേക്ക് വരാതിരിക്കാൻ പത്തുപറയിൽ പാറ കൊണ്ട് അടച്ചത്. പത്തുപറ ഭാഗം പിറവന്തൂർ പഞ്ചായത്തിൽപെട്ടതുമാണ്. റോഡ് അടച്ചതുകാരണം ചാലിയക്കര മേഖലയിലുള്ളവർ നെല്ലിപ്പള്ളിയിലൂടെ പുനലൂരിലേക്ക് വരാൻ കഴിയാതായി. അത്യാവശ്യത്തിന് എത്താൻ കറവൂർ, വെള്ളിമല ഭാഗത്തുകൂടി വഴിയുണ്ടെങ്കിലും ഇരട്ടിയിലധികംദൂരം സഞ്ചരിക്കണം. പത്തുപറയിൽ റോഡ് അടച്ചതിനെതിരെ തെന്മല പഞ്ചായത്ത് പ്രസിഡൻറ് അടക്കം പൊലീസിൽ പ്രതിഷേധം അറിയിച്ചിട്ടും ചൊവ്വാഴ്ച വൈകുന്നതുവരേയും റോഡിലെ പാറ മാറ്റാൻ പൊലീസ് തയാറായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.