ലോ അക്കാദമി: ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് പ്രശ്നത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ശനിയാഴ്ച ചര്‍ച്ച നടത്തും. സമരം നടത്തുന്ന വിദ്യാര്‍ഥികളെയും മാനേജ്മെന്‍റ് പ്രതിനിധികളെയും മന്ത്രി ചര്‍ച്ചക്ക് വിളിച്ചു. മന്ത്രിയുടെ ഓഫിസില്‍ വൈകുന്നേരം മൂന്നിനാണ് ചര്‍ച്ച. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട സമരം 24 ദിനം പിന്നിടുമ്പോള്‍ മാനേജ്മെന്‍റിന് മുന്നില്‍ മുട്ടുമടക്കില്ളെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ഥികള്‍. ലക്ഷ്മി നായര്‍ സ്ഥാനമൊഴിഞ്ഞെന്ന് മാനേജ്മെന്‍റ് അവകാശപ്പെടുമ്പോഴും രാജിവെച്ചെന്ന രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ ക്ളാസ് തുടരാന്‍ അനുവദിക്കില്ളെന്ന നിലപാടിലാണ് അവര്‍. ചര്‍ച്ചകള്‍ പ്രഹസനമാകുന്ന നിലക്ക് ഇനി ജില്ല ഭരണകൂടവുമായി ചര്‍ച്ചക്കില്ളെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ മന്ത്രിതല ചര്‍ച്ചതന്നെ വേണമെന്ന ഇവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. 

 എസ്.എഫ്.ഐയുമായി ഉണ്ടാക്കിയ കരാറിനെ തുടര്‍ന്ന് ബുധനാഴ്ച ക്ളാസ് ആരംഭിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചെങ്കിലും ഹര്‍ത്താലും തുടര്‍ച്ചയായ പഠിപ്പുമുടക്കുംമൂലം അതിനായിട്ടില്ല. ശനി, ഞായര്‍ ദിവസങ്ങള്‍ കോളജിന് അവധിയാണ്. ഈ രണ്ടുദിവസത്തിനുള്ളില്‍ സര്‍ക്കാറില്‍ കൂടുതല്‍ സമ്മര്‍ദംചെലുത്തി ലക്ഷ്മി നായരെക്കൊണ്ട് രാജിവെപ്പിക്കുക എന്ന ഉദ്ദേശമാണ് കെ.എസ്.യു, എ.ഐ.എസ്.എഫ്, എ.ബി.വി.പി, എം.എസ്.എഫ് എന്നിവര്‍ നേതൃത്വം നല്‍കുന്ന സംയുക്ത സമരസമതിക്കുള്ളത്.എന്നാല്‍, ലക്ഷ്മി നായരെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയത് ഗവേണിങ് കൗണ്‍സിലിന്‍െറ അംഗീകാരത്തോടെയാണെന്ന അവകാശവാദത്തില്‍ മാനേജ്മെന്‍റ് ഉറച്ചുനില്‍ക്കുകയാണ്. ഇതുസംബന്ധിച്ച് തീരുമാനമെടുത്ത യോഗത്തിന്‍െറ മിനിറ്റ്സ് ജില്ല ഭരണകൂടത്തിന് മാനേജ്മെന്‍റ് കൈമാറി.

ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരാണ് മിനിറ്റ്സിന്‍െറ പകര്‍പ്പ് വെള്ളിയാഴ്ച ഉച്ചയോടെ എ.ഡി.എം ജോണ്‍ വി. സാമുവലിന് സമര്‍പ്പിച്ചത്. ഇത് തട്ടിക്കൂട്ടാണെന്നും വെള്ളിയാഴ്ച രാവിലെ ബോര്‍ഡ് അംഗങ്ങളെ നാരായണന്‍ നായര്‍ വീട്ടില്‍വരുത്തി ഒപ്പിടീക്കുകയായിരുന്നെന്നും സമരസമിതി ആരോപിക്കുന്നു. 

വ്യാഴാഴ്ച സമരം ഒത്തുതീര്‍പ്പാക്കാന്‍ ജില്ല ഭരണകൂടം വിളിച്ച യോഗത്തില്‍ മിനിറ്റ്സിന്‍െറ കോപ്പി ഹാജരാക്കാന്‍ മാനേജ്മെന്‍റ് തയാറായിരുന്നില്ല. മിനിറ്റ്സ് വിദ്യാര്‍ഥികളെ കാണിക്കാന്‍ പറ്റില്ളെന്ന നിലപാടാണ് നാരായണന്‍ നായര്‍ സ്വീകരിച്ചത്. എന്നാല്‍, എ.ഡി.എം നിര്‍ബന്ധം പിടിച്ചതോടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മിനിറ്റ്സ് ഹാജരാക്കാന്‍ മാനേജ്മെന്‍റ് തയാറായത്. പ്രശ്നത്തില്‍ ജില്ല ഭരണകൂടമല്ല വിദ്യാഭ്യാസമന്ത്രിയാണ് ചര്‍ച്ചനടത്തേണ്ടതെന്ന് വെള്ളിയാഴ്ച സമരപ്പന്തല്‍ സന്ദര്‍ശിച്ച സി.പി.ഐ നേതാവ് ബിനോയ് വിശ്വവും അഭിപ്രായപ്പെട്ടിരുന്നു. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് കെ. മുരളീധരന്‍ എം.എല്‍.എ നടത്തുന്ന നിരാഹാരസമരത്തിന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി ഫോണിലൂടെ പിന്തുണ അറിയിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിന്‍െറ നിരാഹാരസമരം മൂന്നാംദിനം പിന്നിട്ടു.
 

Tags:    
News Summary - law academy issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.