ലക്ഷദ്വീപിൽ നടപ്പാക്കുന്നത്​ വര്‍ഗീയ അജണ്ട; അഡ്മിനിസ്‌ട്രേറ്ററെ മാറ്റണം -എസ്​.എഫ്​.​ഐ

തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേൽ നടപ്പാക്കുന്നത്​ വര്‍ഗീയ അജണ്ടയാ​ണെന്നും ലക്ഷദ്വീപ് ജനതയുടെ ഭീഷണിയായി മാറിയ അഡ്മിനിസ്‌ട്രേറ്ററെ സ്​ഥാനത്തുനിന്ന് നീക്കണമെന്നും എസ്.എഫ്‌.ഐ. ലക്ഷദ്വീപിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ കെ പട്ടേല്‍ സംഘപരിവാര്‍ അനുകൂലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായിയുമാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റർമാരായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ്​വഴക്കം ലംഘിച്ചാണ് തുടര്‍ച്ചയായി ഇത്തരത്തിലുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും എസ്.എഫ്‌.ഐ സംസ്ഥാന പ്രസിഡന്‍റ്​ വി.എ. വിനീഷ്, സെക്രട്ടറി കെ.എം. സച്ചിന്‍ദേവ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ ദ്വീപിൽ പ്രതിഷേധം കനക്കുകയാണ്​. ലക്ഷദ്വീപ് സ്റ്റുഡന്‍റ്​സ്​ അസോസിയേഷൻ (എൽ.എസ്​.എ) ​സംഘടിപ്പിച്ച 'കൊറോണ കാലത്ത് വിദ്യാർഥി വിപ്ലവം വീട്ടുപടിക്കൽ' എന്ന ഓൺലൈൻ പ്രതിഷേധത്തിൽ ആയിരക്കണക്കിന്​ ആളുകളാണ്​ അണിനിരന്നത്​. കേരളം അടക്കം ഇന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നും പ്രതിഷേധത്തിന്​ പിന്തുണ ലഭിച്ചതായി എൽ.എസ്​.എ കേന്ദ്ര കമ്മിറ്റി അധ്യക്ഷൻ സെയ്​ദ്​ മുഹമ്മദ് അനീസ് പറഞ്ഞു.

നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ ജനദ്രോഹ നയങ്ങളാണ് ദ്വീപ് ജനതയെ ഈ മഹാമാരിയുടെ കാലത്തും സന്ധിയില്ലാ സമരത്തിലേക്ക് നയിച്ചതെന്ന്​ അനീസ്​ ചൂണ്ടിക്കാട്ടി. മുൻ അഡ്​മിനിസ്ട്രേറ്റർ ദിനേശ്വർ ശർമ ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് എടുത്ത തീരുമാനങ്ങളും പിന്തുടർന്ന രീതികളും ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതെ ഒരു വർഷക്കാലം ലക്ഷദ്വീപിനെ ലോകത്തിന് തന്നെ മാതൃകയാക്കി നിർത്തിയിരുന്നു. എന്നാൽ, നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ജനപ്രതിനിധികളുടെ എതിർപ്പുകൾ മാനിക്കാതെ നിലവിലെ എസ്​.ഒ.പി (Standard operation procedure) തിരുത്തുകയും ക്വാറന്‍റീൻ അടക്കമുള്ള സുരക്ഷ മാനദണ്ഡങ്ങൾ എടുത്ത് മാറ്റി പുതിയ എസ്​.ഒ.പി കൊണ്ടുവരികയുമാണ് ചെയ്​തത്​. ഇതിനെതിരെ സമരം ചെയ്തവരെ ജയിലിലടച്ച് സമരത്തെ അടിച്ചമർത്തുകയും ചെയ്​തെന്ന്​ അനീസ്​ പറയുന്നു.

ലക്ഷദ്വീപ്​ ​പ്രൊഹിബിഷൻ റഗുലേഷൻ എന്ന നിയമം നിലനിൽക്കേ, മദ്യനിരോധിത മേഖലയായ ജനവാസമുള്ള ദ്വീപുകളിലേക്ക് ബാർ തുടങ്ങാനുള്ള ലൈസൻസ് അനുവദിച്ച് കൊടുത്ത് ലക്ഷദ്വീപിന്‍റെ സംസ്കാരത്തെ തന്നെ ചോദ്യം ചെയ്യുകയാണ് പുതിയ അഡ്മിനിസ്ട്രേറ്റർ. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ദ്വീപുകാരുടെ സ്ഥലം അവരുടെ സമ്മതമില്ലാതെ തന്നെ ഭരണകൂടത്തിന്​ പിടിച്ചെടുക്കാൻ കഴിയുന്ന ലക്ഷദ്വീപ്​ ഡവലപ്​മെന്‍റ്​​ റഗുലേഷൻ എന്ന പുതിയ നിയമവും കൊണ്ടുവന്നു. അവരുടെ വീടും മറ്റും നിൽക്കുന്ന സ്ഥലമാണെങ്കിൽ അത് അവരെ കൊണ്ട് തന്നെ പൊളിച്ച് മാറ്റിക്കാനും നിശ്ചിത സമയത്തിനുള്ളിൽ പൊളിച്ചുമാറ്റാത്ത പക്ഷം രണ്ട്​ ലക്ഷം രൂപ വരെ സ്ഥലം ഉടമയുടെ മേൽ പിഴ ഈടാക്കാനുമുള്ള അധികാരം നൽകുന്നതാണ് ഈ നിയമം.

ഇതേതുടർന്ന്​ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന ആവശ്യവുമായി ഓൺലൈനിൽ നടത്തിയ പ്രതിഷേധം തുടക്കം മാത്രമാണെന്നും വിജയം കാണും വരെ മുന്നോട്ട്​ പോകുമെന്നും അനീസ് അറിയിച്ചു. ലോക്ഡൗൺ കഴിഞ്ഞാൽ ഈ ആവശ്യം ഉന്നയിച്ച് സമരത്തിനിറങ്ങുമെന്ന് എൻ.സി.പിയുടെ യുവജന വിഭാഗമായ എൻ.വൈ.സിയു​ടെ ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കോയ അറഫ മിറാജ് പറഞ്ഞു.

Tags:    
News Summary - Lakshadweep Administrator implementing Communal agenda - SFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.