മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന പൊലീസ് റെയ്ഡിനെതിരെ കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരിൽ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് കെ.യു.ഡബ്ല്യു.ജെ (കേരള പത്രപ്രവർത്തക യൂനിയൻ) പ്രസിഡന്റ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും അറിയിച്ചു.

മറുനാടൻ മലയാളി എന്ന ഓൺലൈൻ സ്ഥാപന ഉടമ ഷാജൻ സ്കറിയക്ക് എതിരെയുളള കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുളള മാധ്യമ പ്രവർത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയാണ്.

മാധ്യമ പ്രവർത്തകരിൽ പലരുടെയും മൊബൈൽ അടക്കം പൊലീസ് പിടിച്ചെടുത്തു. കേരളത്തിൽ കേട്ടുകേഴ്​വി ഇല്ലാത്ത നടപടിയാണിത്. മറുനാടൻ മലയാളിക്കും അതിന്റെ ഉടമ ഷാജൻ സ്​കറിയക്കെതിരെ കേസുണ്ടെങ്കിൽ അതിൽ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കുകയും വേണം എന്നു തന്നെയാണ് യൂനിയൻ നിലപാട്. മറുനാടൻ മലയാളിയുടെ മാധ്യമ രീതിയോട് യൂനിയന് യോജിപ്പും ഇല്ല.

എന്നാൽ, ഉടമക്ക് എതിരായ കേസിന്റെ പേരിൽ അവിടെ തൊഴിൽ എടുക്കുന്ന മാധ്യമ പ്രവർത്തകരുടെയാകെ വീടുകളിൽ റെയ്ഡ് നടത്തുന്നത് പ്രതിഷേധാർഹമാണ്. ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ ഒന്നാകെ കേസിൽ കുടുക്കുമെന്ന ഭീഷണി കേരള പൊലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയാണെന്നും  പ്രസ്താവനയിൽ അറിയിച്ചു.  മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്ന പൊലീസ് നടപടിയെ കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) ശക്തമായി അപലപിക്കുന്നു. 

Tags:    
News Summary - K.W.J against the police raids in the houses of media workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.