തിരുവനന്തപുരം: കുട്ടികൾക്കെതിരായ സൈബർ ആക്രമണങ്ങൾ തടയാനുള്ള നടപടി സ്വീകരിക്കാൻ ശിശു വികസന വകുപ്പ് 'കുഞ്ഞാപ്' എന്ന പേരിൽ മൊബൈൽ ആപ് സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ചൈൽഡ് ലൈനിന്‍റെ പ്രവർത്തനവും നല്ലരീതിയിൽ നടക്കുന്നുണ്ട്.
മൊബൈൽ ഫോണിന്‍റെയും ഇന്‍റർനെറ്റിന്‍റെയും ദുരുപയോഗം തടയാൻ കേരള പൊലീസിന്‍റെ സോഷ്യൽ പൊലീസിങ് വിഭാഗം വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇരുപതിനായിരത്തോളം രക്ഷിതാക്കൾക്ക് സുരക്ഷിത ഇന്‍റർനെറ്റിന്‍റെ ഉപയോഗത്തെപറ്റിയും ഓൺലൈൻ ദുരുപയോഗവും അതിക്രമവും ഉണ്ടായാൽ സ്വീകരിക്കേണ്ടുന്ന നിയമപരവും മനഃശാസ്ത്രപരവും സാങ്കേതികവുമായ വശങ്ങളെപ്പറ്റി ബോധവത്കരണം നടത്തുന്നു. 50,000 പേർക്ക് കൂടി സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകൾ വഴി ബോധവത്കരണം നൽകും.
തിരുവനന്തപുരം: കെ-ഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട് 83 ശതമാനം നിർമാണ പ്രവർത്തനം പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. 24,357 സ്ഥാപനങ്ങൾക്ക് കണക്ഷൻ നൽകുന്നതിനുള്ള അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. പദ്ധതിയുടെ ധനസമ്പാദനം സംബന്ധിച്ചും ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുന്നതിനുമുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും രൂപവത്കരിക്കുന്നതിന് സെക്രട്ടറി തല സമിതിയായി. കെ-ഫോൺ കമ്പനിക്ക് കേന്ദ്രടെലികമ്യുണിക്കേഷൻ വകുപ്പിൽനിന്ന് ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ ലൈസൻസും ഇന്‍റർനെറ്റ് പ്രൊവൈഡർ ലൈസൻസും ലഭ്യമായി. പദ്ധതിക്കായി ഇതു വരെ 476. 41 കോടി രൂപ ചെലവഴിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ആറു വർഷത്തിനിടെ ഐ.ടി പാർക്കുകളിലായി 45,869 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിൽ 20.97 ലക്ഷം ചതുരശ്ര അടിയും എറണാകുളം ഇൻഫോ പാർക്കിൽ 22.62 ലക്ഷം ചതുരശ്ര അടിയും കോഴിക്കോട് സൈബർ പാർക്കിൽ 2.88 ലക്ഷം ചതുരശ്ര അടി ഐ.ടി സ്‍പേസ് നിർമിക്കാനായി. ആകെ 46.47 ലക്ഷം ചതുരശ്ര അടി ഐ.ടി സ്പേസാണ് നിർമിച്ചത്. 2016 മുതൽ 3000 സ്‍റ്റാർട്ടപുകൾ വഴി 35,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഹൈകോടതിയുടെ അന്തിമവിധിക്ക് വിധേയമായി റമ്മി ഉള്‍പ്പെടെ ഓണ്‍ലൈന്‍ ഗെയിമുകള്‍ ശക്തമായി നിയന്ത്രിക്കാൻ പഴുതടച്ചതും ഫലപ്രദവുമായ നിയമഭേദഗതി സര്‍ക്കാറിന്‍റെ പരിഗണനയിലാണെന്ന് എ.പി. അനില്‍കുമാറിന്‍റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
ഓണ്‍ലൈന്‍ റമ്മികളി നിരവധിപേരെ വന്‍ സാമ്പത്തിക ബാധ്യതയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ട സാഹചര്യത്തില്‍ 2021ൽ കേരള ഗെയിമിങ് ആക്ട് ഭേദഗതി ചെയ്ത് പന്തയം വെച്ചുള്ള കളി നിരോധിച്ചെങ്കിലും വിവിധ ഗെയിമിങ് കമ്പനികള്‍ ഹൈകോടതിയെ സമീപിച്ച് ഭേദഗതി റദ്ദാക്കി. സര്‍ക്കാര്‍ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. നിരോധനമില്ലാത്ത സാഹചര്യത്തില്‍ പൊലീസുള്‍പ്പെടെ സ്‌കൂളുകളിലും കോളജുകളിലുമടക്കം ശക്തമായ ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. നിലവിലെ നിയമമനുസരിച്ച് ശക്തമായ നടപടികള്‍ പൊലീസ് സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.