മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി, പിണറായിയെ തൊടാൻ കേന്ദ്ര ഏജൻസികൾക്ക് ആകില്ല- കെ.ടി. ജലീൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ (ഇ.ഡി) നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുൻ മന്ത്രിയും എം.എൽ.എയുമായ ഡോ. കെ.ടി. ജലീൽ. ‘ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ല’ എന്ന് നിയമസഭയിൽ ഇരു കരങ്ങളും ഉയർത്തി പ്രഖ്യാപിച്ച പിണറായി വിജയനെ സ്പർശിക്കാൻ കേന്ദ്ര-സംസ്ഥാന സംവിധാനങ്ങൾ ഒന്നിച്ച് ഇറങ്ങി വന്നാലും നടക്കില്ലെന്ന് ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

"മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി?" എന്ന് ചോദിച്ചുകൊണ്ടാണ് ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. കള്ളക്കേസുകളും ജയിലുകളും ക്രൂരമായ മർദ്ദനങ്ങളും നേരിട്ട് കരുത്താർജ്ജിച്ച നേതാവാണ് പിണറായി വിജയൻ. വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും ഒന്നിച്ച് അദ്ദേഹത്തെ വേട്ടയാടാൻ ഇറങ്ങിപ്പുറപ്പെട്ടിട്ടും ആർക്കും ഒന്നും ചെയ്യാനായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ദർശനങ്ങളെ നഖശിഖാന്തം എതിർത്ത നേതാവാണ് മുഖ്യമന്ത്രി. കേരളത്തിൽ വന്ന് എൽ.ഡി.എഫ് സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിച്ചപ്പോൾ, ‘അതിന് ആ തടി പോരെന്ന്’ പരസ്യമായി തിരിച്ചടിച്ച് പോരാട്ടവീര്യം തെളിയിച്ച ധീരനാണ് പിണറായി വിജയനെന്നും ജലീൽ ഓർമിപ്പിച്ചു.

പിണറായി വിജയൻ അരുതാത്തതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന എല്ലാവർക്കും ഉറപ്പാണെന്ന് വ്യക്തമാക്കിയ കെ.ടി. ജലീൽ, ‘സഖാവേ, കൂടെയുണ്ട്, ഏതറ്റം വരെയും’ എന്ന് പ്രഖ്യാപിച്ചാണ് തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് നേരെയുള്ള രാഷ്ട്രീയ വേട്ടയാടലുകൾക്കെതിരെ ഇടതുപക്ഷ അണികളിലും വലിയ ജനരോഷമാണ് ഉയരുന്നത്.

പോസ്റ്റിന്റെ പൂർണ രൂപം

മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി?

കേരള നിയമസഭയിൽ തൻ്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് "ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ലെന്ന്"യാതൊരു സങ്കോചവുമില്ലാതെ പ്രഖ്യാപിച്ച പിണറായി വിജയൻ്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കില്ല. അതാള് വേറെയാണ്.

കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ. വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും മുഴുവൻ തൻ്റെ ഒരു റാത്തൽ ഇറച്ചിക്കായി പേ പിടിച്ച് ഓടി നടന്നിട്ടും ആ മനുഷ്യനെ ആർക്കും ഒരു ചുക്കും ചെയ്യാനായില്ല.

മോദിയുടെ രാഷ്ട്രീയ ദർശനത്തെ നഖശിഖാന്തം എതിർത്ത പിണറായി, തൻ്റെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കേരളത്തിൽ വന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസംഗിച്ചപ്പോൾ "അതിന് ആ തടി പോരെന്ന്" തിരിച്ചടിച്ച് പോരാട്ട വീര്യം തെളിയിച്ച ധീരനാണ്.

പിണറായി അരുതാത്തതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അടുത്ത് മനസ്സിലാക്കിയവർക്കെല്ലാം ഉറപ്പാണ്. സഖാവെ, കൂടെയുണ്ട്, ഏതറ്റം വരെയും.

Tags:    
News Summary - KT Jaleel Says Central Agencies Can’t Touch Pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.