തിരുവനന്തപുരം: ഇടവേളക്കുശേഷം കെ.എസ്.ആർ.ടി.സിയെ പൂർണമായും മൂന്ന് അധികാരമേഖലകളാക്കി വിഭജിക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാർ കടക്കുന്നു. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2018 ജൂലൈയിൽ മേഖലകളാക്കി തിരിക്കുകയും അന്നത്തെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പ്രഖ്യാപനം നടത്തുകയും ചെയ്തെങ്കിലും കാര്യമായ അധികാരം നൽകിയിരുന്നില്ല.
നിലവിൽ ഭരണപരമായ സംവിധാനത്തിന് തെക്കൻ മേഖല, മധ്യമേഖല, വടക്കൻ മേഖല എന്നിങ്ങനെ മൂന്ന് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സാമ്പത്തികകാര്യങ്ങളും ജീവനക്കാരുടെ വിന്യാസവും ബസ് ഓപറേഷനുകളുമടക്കം സുപ്രധാന കാര്യങ്ങളെല്ലാം ചീഫ് ഓഫിസിൽ നിന്നാണ് നിയന്ത്രിക്കുന്നത്. ഇതിന് മാറ്റംവരുത്തി തമിഴ്നാട്ടിലേത് പോലെ മൂന്ന് പരമാധികാര മേഖലകളാക്കി വിഭജിക്കലാണ് ലക്ഷ്യം. കെ.എസ്.ആർ.ടി.സിക്ക് കീഴിൽ ദീർഘദൂര സർവിസുകൾക്കായി സ്വിഫ്റ്റ് രൂപവത്കരിച്ചതിന് പിന്നാലെയാണ് വിഭജന നടപടികൾ.
ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ 131 സൂപ്പർ ഫാസ്റ്റുകളുടെ ഫ്ലാഗ്ഓഫ് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വിശദമായി പരാമർശിക്കുകയും പിന്നാലെ ആന്റണി രാജു തീരുമാനം പ്രഖ്യാപിച്ചതും നടപടികളുടെ വേഗത്തിന് അടിവരയിടുന്നു. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയേയോ പ്രശ്നങ്ങളേയോ പരാമർശിക്കാതെ പുനഃസംഘടന മാത്രമാണ് മുഖ്യമന്ത്രി സംസാരിച്ചത്.
സ്ഥാപനത്തെ മെച്ചപ്പെടുന്നതിനുള്ള പ്രവർത്തനങ്ങൾ ഉദ്ദേശിച്ച രീതിയിൽ പ്രാവർത്തികമായിട്ടില്ലെന്ന ആമുഖത്തോടെയാണ് മാനേജ്മെന്റ് തലത്തിൽ കേന്ദ്രീകൃതമായി നിൽക്കുന്ന അധികാരങ്ങൾ മേഖല തലത്തിൽ പുനർവിന്യസിക്കുന്നത് മുഖ്യമന്ത്രി വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.