തിരുവനന്തപുരം: സൂപ്പർ ക്ലാസ് മുതൽ ഒാർഡിനറി വരെ കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ ബസ് സർവിസുകളുടെയും സമയം പുനഃക്രമീകരിക്കുന്നു. നഷ്ടം പരമാവധി ഒഴിവാക്കി വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ആദ്യഘട്ടം 219 എ.സി േവാൾവോ ബസുകളുടെ ഷെഡ്യൂളുകളാണ് പരിഷ്കരിക്കുക. പുതിയ സംരംഭമായ ചിൽ ബസുകളിൽ ഉൾപ്പെടുത്തി ആഗസ്റ്റ് ഒന്നുമുതൽ എ.സി ബസുകൾ പുതിയ സമയക്രമത്തിൽ ഒാടിത്തുടങ്ങും. തിരുവനന്തപുരം മുതൽ കാസർകോട് വരെ ശൃംഖലസ്വഭാവത്തിലാണ് ഇവയുടെ റൂട്ടുകൾ.
സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്ന സൂപ്പർ ക്ലാസ് സർവിസുകളാണ് രണ്ടാം ഘട്ടത്തിൽ പുനഃക്രമീകരിക്കുന്നത്. അപ്രധാന സ്ഥലങ്ങളിൽനിന്ന് സൂപ്പർ ക്ലാസ് ബസുകൾ ആരംഭിക്കുന്നത് ഒഴിവാക്കും. ഇത്തരം സർവിസുകൾ പ്രധാന ഡിപ്പോകളിൽ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 600 സൂപ്പർ ക്ലാസ് ബസുകളാണ് നിലവിൽ കെ.എസ്.ആർ.ടി.സിക്കുള്ളത്. നിലവിൽ പല ഡിപ്പോകളിലായി ചിതറിയ നിലയിലാണ് ഇൗ ബസുകൾ. അതുകൊണ്ടുതന്നെ ഇവയുടെ അറ്റകുറ്റപ്പണിയിലും ജീവനക്കാരുടെ വിന്യാസത്തിലുമടക്കം പോരായ്മകളുണ്ട്.
പ്രധാന ഡിപ്പോകളിൽ സൂപ്പർ ക്ലാസ് ബസുകൾ കേന്ദ്രീകരിക്കുന്നത് മൂലം അറ്റകുറ്റപ്പണി കാര്യക്ഷമമാക്കുന്നതിനൊപ്പം വിവിധ ഡിപ്പോകൾക്ക് നൽകിയിരുന്നു സ്പെയർ ബസുകൾ കൂടി സർവിസിനിറക്കാൻ കഴിയും. ഒന്നുരണ്ട് ബസുകൾക്ക് മാത്രമായി വിവിധ ഡിപ്പോകളിൽ വിന്യസിച്ചിട്ടുള്ള ടെക്നീഷ്യന്മാരെയും പിൻവലിക്കാം.1200 ഒാളം ഫാസ്റ്റ് പാസഞ്ചർ ബസുകൾ മൂന്നാംഘട്ടത്തിൽ പുനഃക്രമീകരിക്കും. ഭൂരിഭാഗം ഡിപ്പോകളിൽനിന്നും ഫാസ്റ്റുകൾ ഒാപറേറ്റ് ചെയ്യുന്നുണ്ട്. കലക്ഷൻ കൂടുതൽ കിട്ടുന്ന രീതിയിലാകും ഇവയുടെ പുനഃക്രമീകരണം.
അവസാനഘട്ടമാണ് സിറ്റി ഫാസ്റ്റ്-ഒാർഡിനറി ബസുകളെ പരിഗണിക്കുക. 4000ത്തോളം ഒാർഡിനറി ബസുകളാണ് കോർപറേഷനുകീഴിൽ സർവിസ് നടത്തുന്നത്. സിംഗിൾ-ഡബിൾ ഡ്യൂട്ടികളുടെ കുരുക്കുകളുള്ളതിനാൽ ഇവയുടെ ക്രമീകരണം തലവേദനയാകും. ഡിപ്പോതലത്തിൽ കൃത്യമായ പഠനം നടത്തിയാണ് സർവിസുകളുടെ സമയം നിശ്ചയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.