കെ.എസ്.ഇ.ബി പെൻഷൻ ഫണ്ട്; 2000 കോടി നൽകാമെന്ന് താരിഫ് റെഗുലേറ്ററി കമീഷൻ

തൃശൂർ: കെ.എസ്.ഇ.ബി പെൻഷൻ ഫണ്ടിനായി രൂപവത്കരിക്കുന്ന 'മാസ്റ്റർ ട്രസ്റ്റി'ലേക്കായി പ്രതിവർഷം 400 കോടി രൂപ വെച്ച് അഞ്ചുവർഷം, ആകെ 2,000 കോടി രൂപ വകയിരുത്താമെന്ന് താരിഫ് റെഗുലേറ്ററി കമീഷൻ. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി മാനേജിങ് ഡയറക്ടർ സംഘടകളുമായി ശനിയാഴ്ച ചർച്ച ചെയ്യാനിരിക്കെയാണ് തീരുമാനം കമീഷൻ അറിയിച്ചത്. 24,000 കോടി രൂപയുടെ ബാധ്യതയാണ് കെ.എസ്.ഇ.ബിക്ക് പെൻഷൻ ഇനത്തിലുള്ളത്.

2013ൽ കടപ്പത്രമിറക്കാൻ ധാരണയായെങ്കിലും അതിൽ വീഴ്ചവരുത്തിയെന്ന് മാത്രമല്ല 8,144 കോടി രൂപയുടെ കടപ്പത്രമിറക്കി എന്ന് റെഗലേറ്ററി കമീഷനെ തെറ്റിദ്ധരിപ്പിക്കുകയും അതിന്‍റെ പേരിൽ കോടികൾ പലിശ ഇനത്തിൽ കെ.എസ്.ഇ.ബി കൈപറ്റുകയും ചെയ്യുന്നുണ്ട്.

കടലാസിൽ മാത്രമൊതുങ്ങിയ കടപ്പത്രത്തിന്‍റെ പലിശ ഇനത്തിൽ താരിഫ് റെഗുലേറ്ററി കമീഷനിൽനിന്ന് 2018-19 വർഷം 958.03 കോടി രൂപ , 2019-20 വർഷം 924.01 കോടി, 2020-21ൽ 889.98, 2021-22ൽ 855.96 കോടി എന്നിങ്ങനെ ബോർഡ് കൈപ്പറ്റിയിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഈ തുക കൊടുത്തുകൊണ്ടിരിക്കെയാണ് യഥാർഥത്തിൽ കടപ്പത്രമിറക്കി സർക്കാർ ഗ്യാരണ്ടിയിൽ പൊതുജനങ്ങളിൽനിന്ന് തുക സംഭരിക്കാൻ ബോർഡ് ഒരുങ്ങുന്നത്.

2013ൽ കെ.എസ്.ഇ.ബി കമ്പനിയാക്കിയപ്പോൾ നിർദേശിക്കപ്പെട്ട മാസ്റ്റർ ഫണ്ട് രൂപവത്കരണമാണ് ഇപ്പോൾ സജീവമായി പരിഗണനയിലുള്ളത്. അന്ന് കടപ്പത്രമിറക്കി പണം സ്വരൂപിക്കുന്നതുൾപ്പെടെ 12,000 കോടി രൂപ സമാഹരിക്കാനുള്ള മാർഗ നിർദേശങ്ങൾക്ക് മാനേജ്മെന്‍റും സർക്കാറും ജീവനക്കാരുടെ സംഘടനകളുമുൾപ്പെടുന്നവർ ത്രികക്ഷി കരാറാക്കി അംഗീകാരം നൽകുകയും ചെയ്തിരുന്നു.

പത്തുവർഷം കഴിഞ്ഞിട്ടും മാനേജ്മെന്‍റ്തലത്തിലോ യൂനിയൻതലത്തിലോ കരാർ നടപ്പാക്കാൻ താൽപര്യം ഉണ്ടായില്ല. ഇപ്പോഴാണ് പെൻഷൻ ആനുകൂല്യമില്ലാത്ത കെ.എസ്.ആർ.ടി.സിയുടെ അവസ്ഥയിലേക്ക് ബോർഡ് നീങ്ങുമെന്ന ആശങ്കയിൽ പഴയ കരാർ പൊടിതട്ടിയെടുത്തത്. പുതിയ ചെയർമാന്‍റെ താൽപര്യവും നിർണായകമായി. വിരമിച്ച ജീവനക്കാർ സംഘടിച്ച് മന്ത്രിയെയും ചെയർമാനെയും കണ്ട് മാസ്റ്റർ ട്രസ്റ്റ് രൂപവത്കരിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തു.

10 വർഷത്തേക്കും 20 വർഷത്തേക്കുമുള്ള രണ്ട് തരം കടപ്പത്രമാണ് പരിഗണനയിലുള്ളത്. കടപ്പത്രമിറക്കുന്ന കാര്യത്തിൽ യൂനിയനുകൾ എതിർപ്പ് പറഞ്ഞിട്ടില്ല. 

Tags:    
News Summary - KSEB Pension Fund; Tariff Regulatory Commission to pay 2000 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.