സമാനതകളില്ലാത്ത രാഷ്​ട്രീയ ജീവിതം; ചരിത്രം ഓർത്തുവെക്കുന്ന റവന്യുമന്ത്രി

മാനതകളില്ലാത്ത രാഷ്​ട്രീയ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്​. കേരള രാഷ്​​ട്രീയത്തിലെ സ്​ത്രീ പ്രാതിനിധ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരായിരുന്നു അത്​. ഒരുഘട്ടത്തിൽ മുഖ്യമന്ത്രി പദവിയിലേക്ക്​ വരെ ഉയർന്നുകേട്ടിരുന്ന പേര്​. 1987ലെ തെരഞ്ഞെടുപ്പിൽ ഗൗരിയമ്മയെ മുന്നിൽനി​ര്‍ത്തിയായിരുന്നു ഇടതുപക്ഷത്തിന്‍റെ പ്ര​ചാ​ര​ണം എന്നുതന്നെ പറയാം. എന്നാൽ, അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഇ.​എം.​എ​സ്​ പി​ന്നാ​ക്ക​ ജാ​തി​ക്കാ​രിയാ​യ​തു​കൊ​ണ്ട്​ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​തി​രു​ന്നു എന്ന്​ ഗൗരിയമ്മ പറഞ്ഞത്​ ഏറെ വിവാദമായിരുന്നു. വീ​ട്ടി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന നാ​യ​നാ​രെ വി​ളി​ച്ചു​വ​രു​ത്തി മു​ഖ്യ​മ​ന്ത്രി​യാ​ക്കിയതിന്​​ ഇ.​എം.​എ​സി​െൻറ ഉ​ള്ളി​ലെ ജാ​തി​ക്കു​ശു​മ്പാ​യി​രു​ന്നു കാ​ര​ണമെന്നും അവർ ആരോപിച്ചു.

കമ്മ്യൂണിസ്റ്റ്​ പാർട്ടി കേരളത്തിൽ അധികാരത്തിലെത്തിയ 1957ലെ മന്ത്രിസഭയിലെ തലയെടുപ്പുള്ള അംഗമായിരുന്നു അവർ. കേരളത്തിലെ ഏറ്റവും സുപ്രധാനമായ ഭൂപരിഷ്​കരണ നിയമം നിയമസഭയിൽ അവതരിപ്പിച്ച്​ പാസാക്കിയ റവന്യൂ മന്ത്രി എന്ന നിലയിൽ ചരിത്രം എക്കാലവും ഗൗരിയമ്മയെ ഓർത്തുവെക്കും. 1957ലെ തെരഞ്ഞെടുപ്പിൽ ചേ​ർ​ത്ത​ല​യി​ൽ​നി​ന്നാ​ണ്​ ഗൗരിയമ്മ തെരഞ്ഞെടുക്കപ്പെട്ടത്​. ആ​റു​ ഘ​ട്ട​മാ​യി​ നടന്ന അന്നത്തെ തെരഞ്ഞെടുപ്പി​െൻറ ഫലം മാ​ർ​ച്ച്​ അ​വ​സാ​നം പുറത്തുവന്നു. 1957 ഏ​​പ്രി​ൽ അ​ഞ്ചി​ന്​​ ക​മ്യൂ​ണി​സ്​​റ്റ് മ​ന്ത്രി​സ​ഭ അ​ധി​കാ​​ര​മേ​റ്റു.


ഇ.​എം.​എ​സ​ി​െൻറ നേ​തൃ​ത്വ​ത്തി​ൽ സി. ​അ​ച്യു​തമേ​നോ​ൻ, ടി.​വി. തോ​മ​സ്, കെ.​സി. ജോ​ർ​ജ്, കെ.​പി. ഗോ​പാ​ല​ൻ, ടി.​എ. മ​ജീ​ദ്, പി.​കെ. ചാ​ത്ത​ൻ, ജോ​സ​ഫ്​ മു​ണ്ട​ശ്ശേ​രി, വി.​ആ​ർ. കൃ​ഷ്​​ണ​യ്യ​ർ, ഡോ.​ എ.​ആ​ർ. മേ​നോ​ൻ തുടങ്ങിയ​വ​ർക്കൊപ്പം 37ാം വയസ്സിലാണ്​ കെ.ആർ. ഗൗരി മന്ത്രിയാകുന്നത്​. ഗൗരിക്ക്​ റ​വ​ന്യൂ, ലാ​ൻ​ഡ്​ വ​കു​പ്പു​കളാണ്​ ലഭിച്ചത്​.

1948ൽ തിരു-കൊച്ചി നിയമസഭയിലേക്ക്​ ആയിരുന്നു ഗൗരിയമ്മയുടെ ആദ്യ തെരഞ്ഞെടുപ്പ്​ അങ്കം. അതും ഡമ്മി സ്​ഥാനാർഥിയായി. ചേർത്തല കോടതിയിൽ വക്കീലായി പ്രാക്​ടീസ്​ ചെയ്യുകയായിരുന്ന ഗൗരിയമ്മയോട്​ പി.കൃഷ്​ണപിള്ളിയാണ്​ നാമനിർദേശ പത്രിക നൽകാൻ ആവശ്യപ്പെട്ടത്​. മത്സരിച്ചു ജയിച്ചാൽ വക്കീൽ ജോലിയിൽനിന്നുള്ള വരുമാനം നിലക്കുമല്ലോയെന്നുള്ള വിഷമമായിരുന്നു ഗൗരിയമ്മക്ക്​ ആദ്യം. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടിരുന്ന കുമാരപ്പണിക്കർ ഒളിവിലായതിനാൽ അദ്ദേഹത്തിന്‍റെ ഡമ്മിയായിട്ടാണ്​ ഗൗരിയമ്മ പത്രിക സമർപ്പിച്ചത്​. പക്ഷേ, കുമാരപ്പണിക്കർക്കു തെരഞ്ഞെടുപ്പു വേളയിലും കേസ് ഒഴിവാക്കി പുറത്തുവരാൻ കഴിയാത്തതിനാൽ ഗൗരിയമ്മയ്ക്കു മൽസരിക്കേണ്ടി വന്നു. പക്ഷേ, പരാജയമായിരുന്നു ഫലം. കമ്യൂണിസ്റ്റ് സ്ഥാനാർഥികൾ മുഴുവൻ പരാജയപ്പെട്ട ആ തെരഞ്ഞെടുപ്പിൽ കെട്ടിവച്ചകാശു തിരിച്ചുകിട്ടിയ നാലു കമ്യൂണിസ്റ്റുകാരിൽ ഒരാളായിരുന്നു ഗൗരിയമ്മ.

തിരു-കൊച്ചി നിയമസഭയിലേക്ക് 1952ൽ നടന്ന തെരഞ്ഞെടുപ്പില‍ാണു കന്നിവിജയം സ്വന്തമാക്കിയത്. പിന്നീടുള്ളതെല്ലാം രാഷ്​ട്രീയ ചരിത്രം. 1954ലും വിജയം ആവർത്തിച്ചു. കേരളം രൂപീകര‍ിക്കുന്നതിനു മു​േമ്പ മൽസരിക്കുകയും വിജയിക്കുകയും ചെയ്ത ചരിത്രമുള്ള ഗൗരിയമ്മയെ 1957ൽ കേരള സംസ്ഥാനത്തിന്‍റെ ആദ്യ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രധാന സ്ഥാനാർഥികളിലൊരാളായി കണക്കാക്കിയാണു ചേർത്തലയിൽ നിർത്തിയത്. പാർട്ടിയും ഗൗരിയമ്മയും ഒരുപോലെ വിജയിച്ച ആ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആദ്യ മന്ത്രിസഭാംഗം, ആദ്യ വനിതാ മന്ത്രി തുടങ്ങിയ നേട്ടങ്ങൾ ഗൗരിയമ്മ സ്വന്തമാക്കി. പിന്നീട്, 2011 വരെ നീണ്ട തെരഞ്ഞെടുപ്പു കാലം. അതിൽ നാലുതവണ മാത്രമാണു ഗൗരിയമ്മ പരാജയപ്പെട്ടിട്ടുള്ളത്. 1948, 1977, 2006, 2011 വർഷങ്ങളിൽ.

ഇന്ത്യയിൽ തന്നെ കൂടുതൽ കാലം സംസ്​ഥാന മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോർഡും ഗൗരിയമ്മക്ക്​ സ്വന്തം​​. 1957ലെ ഒന്നാം ഇ.എം.എസ്‌ മന്ത്രിസഭയിൽ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളാണ്​ കൈകാര്യം ചെയ്​തത്​. 1967ലെ രണ്ടാം ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹിക സുരക്ഷ വകുപ്പുകൾ ലഭിച്ചു. 1980ലെ ആദ്യ നായനാർ മന്ത്രിസഭയിൽ കൃഷി, സാമൂഹികക്ഷേമം വകുപ്പുകളും 1987ലെ രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വ്യവസായം, സാമൂഹികക്ഷേമം വകുപ്പുകളും കൈകാര്യം ചെയ്​തു. 2001ലെ മൂന്നാം ആൻറണി മന്ത്രിസഭയില്‍ കൃഷി, കയര്‍ മന്ത്രിയായിരുന്നു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും കൃഷി, കയര്‍ വകുപ്പുകൾ ഗൗരിയമ്മക്കായിരുന്നു.

Tags:    
News Summary - KR Gouri Amma Death Political Life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.