കെ.പി.സി.സി അധ്യക്ഷ പദവി: അവകാശവാദങ്ങളിൽ അതൃപ്തി

തിരുവനന്തപുരം: അധ്യക്ഷ സ്ഥാനത്തേക്ക് ഔദ്യോഗികമായി ആലോചനകൾ തുടങ്ങുംമുമ്പ് അവകാശവാദങ്ങൾ ഉന്നയിച്ച് നേതാക്കൾ രംഗത്തെത്തുന്നതും ഇതുസംബന്ധിച്ച അനാവശ്യ ചർച്ചകളിലും കോൺഗ്രസിൽ അതൃപ്തി. പുനഃസംഘടന ചർച്ചകൾ നീണ്ടുപോകുന്നതും സർക്കാർ-പാർട്ടി ഏകോപനമില്ലായ്മയും പ്രതിസന്ധിയാകുന്നതിന് പിന്നാലെയാണ് അധ്യക്ഷ പദവിയെച്ചൊല്ലി പരസ്യവാദങ്ങളും ഏറ്റുപിടിക്കലുകളും തലവേദനയാകുന്നത്.

ചർച്ചകൾക്ക് നേതൃത്വം നൽകേണ്ട ഹൈകമാൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഡൽഹിയിലെ എസ്.ഐ.ആർ പ്രക്ഷോഭങ്ങളിലും തെരഞ്ഞെടുപ്പ് ആസന്നമായ മറ്റു സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങളിലുമാണ്. കേരളത്തിലെ പുനഃസംഘടന സംബന്ധിച്ച് ചർച്ചകൾക്ക് തുടങ്ങിയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങളിലെ വാർത്തകളൊക്കെ പല കേന്ദ്രങ്ങളിൽനിന്ന് പടച്ചുവിടുന്നതാണെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

നിലവിൽ പല പേരുകളുയരുന്നുവെങ്കിലും സർക്കാറുമായി ചേർന്നുപോകുന്നയാൾ പ്രസിഡന്റാകണമെന്ന അഭിപ്രായത്തിനാണ് പാർട്ടിയിൽ പൊതുസ്വീകാര്യത. പാർട്ടി അധികാരത്തിലുള്ളതിനാൽ സംഘടനാ സംവിധാനത്തെ സജീവമാക്കി നിലനിർത്തലും സർക്കാർ ചുവടുവെപ്പുകൾക്ക് രാഷ്ട്രീയ പിന്തുണ നൽകലുമടക്കം താരതമ്യേന ഭാരം കുറഞ്ഞതെങ്കിലും സുപ്രധാന ചുമതലകളാണ് കെ.പി.സി.സി നേതൃത്വത്തിന് നിർവഹിക്കാനുള്ളത്. നയപരമായ ഏകോപനത്തിനപ്പുറം നേർക്കുനേർ സർക്കാർ പ്രവർത്തനങ്ങളിൽ ഇടപെടൽ കോൺഗ്രസ് ഭരണകാലങ്ങളിൽ പതിവില്ല.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷും മന്ത്രിസഭയിലെത്തിയെങ്കിലും ആദ്യം നികത്തുന്നത് കെ.പി.സി.സി തലപ്പത്തെ ഒഴിവുകളാകും. പിന്നീട് ഡി.സി.സികളിലേക്കും പോഷക സംഘടനകളിലേക്കും കടക്കും. നിലവിലെ ഏഴ് ഡി.സി.സി പ്രസിഡന്റുമാർ എം.എൽ.എമാരാണ്. ഇതിനുപുറമെ തലസ്ഥാനത്തെ ഡി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വഹിച്ച എൻ. ശക്തനും നിയമസഭയിലുണ്ട്. ഫലത്തിൽ കെ.പി.സി.സി കഴിഞ്ഞാൽ പകുതിയിലേറെ ഡി.സി.സികളുടെ തലപ്പത്തും അഴിച്ചുപണിവേണം.

Tags:    
News Summary - KPCC Presidentship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.