നിയമസഭ കൈയ്യാങ്കളി കേസ്: ഹരജികൾ തള്ളി; ഒന്നാം സാക്ഷി നേരിട്ട് ഹാജരാകണമെന്ന് കോടതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച നിയമസഭ കൈയ്യാങ്കളി കേസിൽ നിർണായക ഉത്തരവുകളുമായി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. പ്രമുഖ രാഷ്ട്രീയ നേതാക്കൾ പ്രതികളായ കേസിന്റെ വിചാരണയിലാണ് കോടതിയുടെ നിർണായക ഉത്തരവുകൾ. ഒന്നാംസാക്ഷിയായ ശാർങ്ഗധരൻ വിഡിയോ കോൺഫറൻസിങ് വഴി മൊഴി നൽകാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കോടതി തള്ളി. ഡിസംബർ ഒന്നിന് നേരിട്ട് ഹാജരായി മൊഴിനൽകണമെന്ന കർശന നിർദേശമാണ് കോടതി നൽകിയത്. ഒന്നാം സാക്ഷിയായ ശാർങ്ഗധരനെ വിസ്തരിച്ചശേഷമേ മറ്റു സാക്ഷികളുടെ ക്രോസ് വിസ്താരം നടത്താൻ പാടുള്ളൂ എന്നാവശ്യപ്പെട്ട് പ്രതിഭാഗം സമർപ്പിച്ച ഹരജിയും കോടതി തള്ളി.
2015 മാർച്ച് 13നായിരുന്നു കേരള രാഷ്ട്രീയത്തെ നടുക്കിയ സംഭവങ്ങൾ നിയമസഭയിൽ അരങ്ങേറിയത്. ബാർകോഴ വിവാദവുമായി ബന്ധപ്പെട്ട് അന്നത്തെ യു.ഡി.എഫ് സർക്കാറിൽ ധനമന്ത്രിയായിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താൻ പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ പ്രതിഷേധത്തിൽ വൻ സംഘർഷവും അക്രമവുമുണ്ടായെന്നാണ് കേസ്. സഭയിലെ പൊതുമുതലുകൾ നശിപ്പിച്ചതുവഴി 2.20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. എൽ.ഡി.എഫ് നേതാക്കളും മുൻമന്ത്രിമാരുമുൾപ്പെടെയാണ് പ്രതികൾ. വിചാരണ നടപടികൾ പലകാരണങ്ങളാൽ വർഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. അതിനൊടുവിലാണ് ഇപ്പോൾ കോടതിയുടെ കർശന നിലപാടിൽ നടപടികൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.