കോഴിക്കോട് നിന്നും വെടിമരുന്ന് ശേഖരം പിടികൂടി: രണ്ടു പേർ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽനിന്ന് വന്‍ വെടിമരുന്ന് ശേഖരം പിടികൂടി. അനധികൃതമായി സൂക്ഷിച്ച വെടിമരുന്നുകളും ഓലപ്പടക്ക ശേഖരവുമാണ് പിടികൂടിയത്. സംഭവത്തില്‍ ബിനീഷ്, മനോജ് എന്നിവര്‍ക്കെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത 184 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് ഇവ സൂക്ഷിച്ചത്.

എലത്തൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചാക്കില്‍ കെട്ടിയ നിലയിൽ അലക്ഷ്യമായി സൂക്ഷിച്ച വെടിമരുന്നും ഓലപ്പടക്കങ്ങളും പിടിച്ചെടുത്തത്. വിഷുവിനോടനുബന്ധിച്ച് ജില്ലയിലൊട്ടാകെ വിവിധ കേന്ദ്രങ്ങളില്‍ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്തും രഹസ്യമായും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായി പോലീസ് പരിശോധന തുടരുകയാണ്.

കഴിഞ്ഞ ദിവസം കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമാണത്തിനിടെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിലായിരുന്നു. വീട് വാടകക്ക് എടുത്ത മുണ്ടിക്കൽ താഴം സ്വദേശി വിഷ്ണുവിനെ പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രിയുണ്ടായ പൊട്ടിത്തെറിയിൽ ഇയാളുടെ സഹോദരനും ബന്ധുവും മരിച്ചിരുന്നു. രണ്ടുപേർ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ രാത്രി 9.30 നാണ് കുന്ദമംഗലം താഴെ കുരിക്കത്തൂരിൽ നാടിനെ നടുക്കിയ പൊട്ടിത്തെറി ഉണ്ടായത്. മാസങ്ങൾക്ക് മുമ്പ് മുണ്ടിക്കൽ താഴം സ്വദേശി വിഷ്ണുവാണ് ഇവിടെ വീട് വാടകക്ക് എടുത്തത്. ഇയാളും ഭാര്യയും ഉൾപ്പെടെ അഞ്ചു പേർ അപകട സമയം വീട്ടിലുണ്ടായിരുന്നു. അനധീകൃതമായി വലിയ തോതിൽ വീട്ടിൽ സ്‌ഫോടക വസ്‌തുക്കൾ സൂക്ഷിച്ചിരുന്നു. വിഷുവിന് മുന്നോടിയായുള്ള പടക്ക നിർമാണ പ്രവർത്തിക്ക് ലൈസൻസ് ഉൾപ്പെടെ ഒരുവിധ അനുമതികളും ഉണ്ടായിരുന്നില്ല. പൊട്ടിത്തെറിയെങ്ങനെ ഉണ്ടായി, ഇത്രയധികം വെടിമരുന്നുകളും സ്ഫോടക വസ്തുക്കളും ഇവർക്ക് എങ്ങനെ ലഭിച്ചു തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ കുന്ദമംഗലം പൊലീസ് വിഷ്ണുവിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് വിഷ്‌ണുവിനെ കസ്റ്റഡിയിൽ എടുത്തു. പൊട്ടിത്തെറി ഉണ്ടാകുമ്പോൾ താൻ വീടിന് പുറത്തായിരുന്നു എന്നാണ് വിഷ്ണുവിന്റെ മൊഴി.

ഇയാളുടെ സഹോദരൻ രാഹുൽ, ഭാര്യാ സഹോദരൻ രാഹുൽ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വിഷ്ണുവിന്റെ ഭാര്യ സിമി, സുഹൃത്ത് ഹിജിത്ത് എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പൊട്ടിത്തെറിയിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, ഇവർക്ക് പടക്ക നിർമാണമുള്ള കാര്യം അറിഞ്ഞിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ രാത്രി തന്നെ പടക്കങ്ങളും മറ്റും നിർവീര്യമാക്കിയിരുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തി വിദഗ്ധ പരിശോധന നടത്തി.

Tags:    
News Summary - Huge cache of ammunition seized from Kozhikode: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.