പട്ടാമ്പി: നാലു വർഷം മുമ്പ് കോട്ടക്കൽ പി.എസ്.വി നാട്യസംഘം ആശാൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യരുടെ സപ്തതി ജന്മദേശമായ രായിരനെല്ലൂരിൽ ആഘോഷിച്ചത് പകരംെവക്കാനില്ലാത്ത പകിട്ടോടെ. കോട്ടക്കലിൽ സ്ഥിരതാമസമാക്കിയതോടെ നാട്ടിൽ വാര്യരെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും കുറവായിട്ടും ആയിരക്കണക്കിന് കഥകളി പ്രേമികളും ശിഷ്യരും നാട്ടുകാരും ആഘോഷത്തിൽ പങ്കെടുത്തു. 2015 ഡിസംബറിൽ നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന ‘ശേഖരീയം’ ആഘോഷം നാട് അവിസ്മരണീയമാക്കുകയായിരുന്നു.
കോട്ടക്കൽ ചന്ദ്രശേഖര വാര്യർ എല്ലാം തികഞ്ഞ നടനെന്ന നിലയിൽ കേരളത്തിനുകിട്ടിയ സുകൃതമാണെന്നാണ് അന്ന് മലയാള സർവകലാശാല വൈസ് ചാൻസലറായിരുന്ന കെ. ജയകുമാർ അഭിപ്രായപ്പെട്ടത്. കേരള ചരിത്രത്തിൽ സൗമ്യവും അനിഷേധ്യവുമായ സാന്നിധ്യമാണ് കോട്ടക്കൽ പി.എസ്.വി നാട്യസംഘത്തിേൻറതെങ്കിൽ അതിന് പിന്നിൽ പ്രവർത്തിച്ച നെടുന്തൂണായിരുന്നു അദ്ദേഹം.
പഠനം പൂർത്തിയാക്കി അരങ്ങേറ്റവും കഴിഞ്ഞാണ് നാട്യസംഘത്തിലെത്തുന്നത്. 14ാം വയസ്സിൽ വിദ്യാർഥിയായി ചേർന്ന് നടനായും മുഖ്യ പരിശീലകനായും അരനൂറ്റാണ്ടിലേറെ പ്രവർത്തിച്ചു. ആയിരക്കണക്കിന് വേദികളിൽ പ്രേക്ഷകരെ സ്വാധീനിച്ച നടനാണ് വാര്യരുടെ വിയോഗത്തോടെ ഓർമയായത്. കഥകളിയിൽ പച്ച, കത്തി വേഷങ്ങളിലൂടെ ആസ്വാദകമനസ്സിലിടം പിടിച്ച അദ്ദേഹത്തിന് ശൃംഗാര-കരുണ-ശാന്ത രസങ്ങൾ നന്നായി വഴങ്ങി.
കല്ലുവഴി ചിട്ടയുടെ ഉപാസകനായിരുന്ന കോട്ടക്കൽ കൃഷ്ണൻ കുട്ടി നായരാശാെൻറ 16 കൊല്ലത്തെ ശിക്ഷണമാണ് വാര്യരെ തികവൊത്ത കളിക്കാരനാക്കിയത്.
ആദ്യ ഗുരു ചെത്തല്ലൂർ കുട്ടപ്പ പണിക്കരായിരുന്നു. നടനമികവിന് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നാട്ടിൽനിന്നും വിദേശത്തുനിന്നും അദ്ദേഹത്തെ തേടിയെത്തി. ചന്ദ്രശേഖര വാര്യരുടെ വേർപാട് കഥകളി ലോകത്തിന് നികത്താനാവാത്ത നഷ്ടം തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.