കൊച്ചി: കൊച്ചി മെട്രോക്ക് ഒരുക്കുന്നത് പഴുതടച്ച സുരക്ഷ. സ്ത്രീകളടക്കം അഞ്ഞൂറിലധികം സുരക്ഷ ജീവനക്കാരെ നിയോഗിക്കുകയും അറുനൂറോളം നിരീക്ഷണ കാമറകൾ സ്ഥാപിക്കുകും ചെയ്തിട്ടുണ്ട്. സ്റ്റേഷനുകളിലും ട്രെയിനുകളിലും രാജ്യത്തെ മറ്റ് മെട്രോകളെ അപേക്ഷിച്ച് കൂടുതൽ കർശനമായ സുരക്ഷ സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്.
യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും കാവൽ ജോലിക്കുമായി രാജ്യത്തെ പ്രമുഖ സെക്യൂരിറ്റി ഏജൻസിയിൽനിന്ന് 140 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ക്രമസമാധാനപാലനമടക്കം മറ്റ് സുരക്ഷ ചുമതലകൾ സംസ്ഥാന ഡി.ജി.പിയുടെ നിയന്ത്രണത്തിലുള്ള വ്യവസായ സുരക്ഷ സേനയിലെ (എസ്.െഎ.എസ്.എഫ്) പ്രത്യേക വിഭാഗമാകും നിർവഹിക്കുക. എസ്.െഎ.എസ്.എഫിൽനിന്ന് 376 പേരുടെ സേവനം മെട്രോക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ 29 പേരെ കളമശ്ശേരിയിൽ മെട്രോയുമായി ബന്ധപ്പെട്ട കേസുകൾ മാത്രം കൈകാര്യം ചെയ്യാൻ ആരംഭിക്കുന്ന പൊലീസ് സ്റ്റേഷനിൽ നിയോഗിക്കും. സുരക്ഷ പരിശോധനയുടെ ഭാഗമായ സ്കാനിങ് ഉൾപ്പെടെ ജോലികൾക്ക് 138 പേരെയും നിയോഗിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ മെട്രോ സർവിസ് നടത്തുന്ന ആലുവക്കും പാലാരിവട്ടത്തിനുമിടയിൽ 11 സ്റ്റേഷനുകളാണുള്ളത്. സ്റ്റേഷനിൽ ശരാശരി 43 നിരീക്ഷണ കാമറകൾ വീതം സ്ഥാപിച്ചിട്ടുണ്ട്. ഒാരോ ട്രെയിനിലും മൂന്ന് കോച്ചുകളിലായി 15 കാമറകൾ വീതവുമുണ്ടാകും. തുടക്കത്തിൽ ആറ് ട്രെയിനുകളാകും സർവിസ് നടത്തുകയെന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അധികൃതർ അറിയിച്ചിരിക്കുന്നത്.
സാേങ്കതികമായ സുരക്ഷ സംവിധാനങ്ങൾ കൂടുതലായി ഏർപ്പെടുത്തുകയും സുരക്ഷ ജീവനക്കാരുടെ എണ്ണം കുറക്കുകയും ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, എസ്.െഎ.എസ്.എഫ് പൂർണ സഹകരണം വാഗ്ദാനം ചെയ്തതോടെ കൂടുതൽ സുരക്ഷ ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. ആവശ്യമെങ്കിൽ സുരക്ഷ ജീവനക്കാരുടെ എണ്ണം ഉയർത്താനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.