കൊച്ചി മെട്രോ ആദ്യഘട്ടം മഹാരാജാസ് വരെ വേണമെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ സര്‍വിസ് മഹാരാജാസ് ഗ്രൗണ്ട് വരെ ദീര്‍ഘിപ്പിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച കൊച്ചിയില്‍ നടന്ന അവലോകന യോഗത്തിലാണ് സര്‍വിസ് തുടങ്ങുന്നത് അല്‍പം വൈകിയാലും ഇക്കാര്യം ആലോചിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. നിലവില്‍ പാലാരിവട്ടം വരെയുള്ള 11 കിലോമീറ്ററിലാണ് ആദ്യഘട്ട സര്‍വിസ് തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള തടസ്സങ്ങള്‍ ആലോചിച്ച് പരിഹരിക്കാന്‍ ഡി.എം.ആര്‍.സി-കെ.എം.ആര്‍.എല്‍ നേതൃത്വത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും അന്തിമ തീരുമാനം അദ്ദേഹം കൈക്കൊള്ളുമെന്നും കെ.എം.ആര്‍.എല്‍ അറിയിച്ചു. പാലാരിവട്ടംവരെയുള്ള ആദ്യഘട്ടം ഏപ്രിലില്‍ തുടങ്ങാനാണ് ആലോചിച്ചിട്ടുള്ളത്. ഇത് മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 18 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായശേഷം ആരംഭിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇവിടംവരെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആഗസ്റ്റ് വരെ വേണ്ടിവരുമെന്ന് ഡി.എം.ആര്‍.സി ചൂണ്ടിക്കാട്ടി. അത് പ്രശ്നമല്ളെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആദ്യഘട്ടത്തില്‍ 11 കിലോമീറ്ററില്‍ സര്‍വിസ് ആരംഭിക്കുന്നത് തുടര്‍ന്നുള്ള നിര്‍മാണത്തിലെ അപാകം പരിഹരിക്കാനാണെന്നും ഡി.എം.ആര്‍.സി വ്യക്തമാക്കി. ലോകത്തെവിടെയും മെട്രോ ആദ്യഘട്ടത്തില്‍ എട്ട് കിലോമീറ്ററിലധികം സര്‍വിസ് നടത്തിയിട്ടില്ളെന്ന് ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന്‍ ചൂണ്ടിക്കാട്ടി. അവലോകന യോഗത്തിനുശേഷം ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലും വിഷയം ഉയര്‍ന്നപ്പോള്‍ അവര്‍ മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ചു.
മെട്രോ റെയിലിനും അനുബന്ധ പദ്ധതികള്‍ക്കുമായി എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന് ബാധ്യതയാവരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോലികള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു. ജലമെട്രോയുടെ പ്രവര്‍ത്തനങ്ങളും യോഗം അവലോകനം ചെയ്തു. ഇത് 2019ല്‍ സര്‍വിസ് ആരംഭിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജലമെട്രോക്കായി ആധുനിക സൗകര്യമുള്ള 38 ബോട്ടുജെട്ടികളുടെ നിര്‍മാണവും 100 കിലോമീറ്റര്‍ തീരദേശ റോഡ് വികസനവും കെ.എം.ആര്‍.എല്‍ ഏറ്റെടുക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് വിശദീകരിച്ചു.
അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല, എം.എല്‍.എമാരായ എസ്. ശര്‍മ, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, കെ.ജെ. മാക്സി, വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.ടി. തോമസ്, മുന്‍ എം.പി പി. രാജീവ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.  

 

Tags:    
News Summary - kochi metro rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.