തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കൊട്ടാരക്കര, കൊല്ലം ഐ.ടി പാർക്കുകളുടെ നിർമാണം കിഫ്‌ബി വഴി ഏറ്റെടുക്കും. രണ്ട് ഐ.ടി പാർക്ക് പദ്ധതികൾക്കും കഴിഞ്ഞ ദിവസം ചേർന്ന കിഫ്‌ബി ജനറൽ ബോഡി യോഗം അംഗീകാരം നൽകി. 160 കോടി രൂപ ഇതിനായി കിഫ്‌ബി അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
കൊട്ടാരക്കര ഐ.ടി പാർക്കാനായി 80 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരമായത്. നഗര മധ്യത്തിൽ രവിനഗറിലെ കല്ലട ജലസേചന പദ്ധതി ആസ്ഥാനത്തിന്റെ ഭാഗമായി അധികമുള്ള ഭൂമിയിലാണ് ഐ.ടി പാർക്ക് സ്ഥാപിക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്മെന്റ് കോർപറേഷൻ (കിഡ്‌ക്) ആണ് പദ്ധതി നിർവഹണ ഏജൻസി. കിഡ്‌ക് തയാറാക്കിയ വിശദ പദ്ധതിരേഖ അനുസരിച്ചാണ് പദ്ധതിക്ക് കിഫ്‌ബി അംഗീകാരം നൽകിയത്.
വികേന്ദ്രീകൃത ഐ.ടി വികസനം ലക്ഷ്യമിട്ട് 2022–23ൽ സംസ്ഥാന ബജറ്റിൽ ഐ.ടി ഇടനാഴികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൊട്ടാരക്കരയിൽ സർക്കാർ ഉടമസ്ഥതയിൽ ഐ.ടി പാർക്ക് സ്ഥാപിക്കുന്നത്. എട്ടു നിലകളിലായാണ് പ്രധാന ഐടി കെട്ടിടം നിർമ്മിക്കുക. ഇതിൽ തറനിരപ്പിന് താഴയായി രണ്ടു നിലകളുണ്ടാകും. 70 കെ.എൽ.ഡി സ്വിവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, മഴവെള്ള സംഭരണി ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും.
ഇത്തവണത്തെ ബജറ്റിൽ അവതരിപ്പിച്ച പുതിയ വികസന മാതൃകയുടെ ഭാഗമായാണ് 80 കോടി രൂപ ചെലവിൽ കൊല്ലം ഐ.ടി പാർക്ക് സ്ഥാപിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും പൊതുമേഖലാ സ്ഥാപനങ്ങളെയുമടക്കം വരുമാനദായക ഐ.ടി വികസന പദ്ധതികളിൽ പങ്കാളിയാക്കുകയാണ് ലക്ഷ്യം. ഇവയുടെ അധിക ഭൂമിയും കെട്ടിടങ്ങളുമടക്കം ഐ.ടി വികസനത്തിന് പ്രയോജനപ്പെടുത്തുകയും, വരുമാനം പങ്കിടുകയും ചെയ്യുന്നതാണ് ബജറ്റിൽ മുന്നോട്ടുവച്ച നിർദ്ദിഷ്ട വികസന മാതൃക.
കൊല്ലം നഗരസഭയുടെ കീഴിൽ കുരീപ്പുഴയിലും, താമരക്കുളത്തുമുള്ള ഭൂമിയാണ് ഐ.ടി പാർക്ക് നിർമാണത്തിന് ഉപയോഗിക്കുന്നത്. രണ്ടിടത്തും 50,000 ചതുരശ്രയടി വിസ്‌തൃതിയിൽ കെട്ടിടം നിർമിക്കും. ഓരോന്നിനും 40 കോടി രൂപയാണ് അടങ്കൽ പ്രതീക്ഷിക്കുന്നത്. പദ്ധതിയെ നിർദ്ദിഷ്ട വിഴിഞ്ഞം–കൊല്ലം–പുനലൂർ വളർച്ചാ മുനമ്പുമായും ബന്ധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.