വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾക്കെതിരെ ലുക്കൗട്ട്‌ നോട്ടീസ്

താമരശ്ശേരി: വ്യാപാരി അവേലം സ്വദേശി മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പ്രതികൾക്കെതിരെ ലുക്കൗട്ട്‌ നോട്ടീസ് പുറത്തിറക്കി. പ്രധാന പ്രതികളായ കൊടിയത്തൂർ സ്വദേശി അലി ഉബൈറാൻ, സുഹൃത്ത് നൗഷാദ് അലി എന്നിവർക്കായാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.

അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയതിലെ മുഖ്യ ആസൂത്രകർ ഇവരാണെന്നും മറ്റുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

എട്ടുപേരാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നാണ് നിഗമനം. പ്രതികളിൽ ചിലർ കർണാടകയിലേക്ക് രക്ഷപ്പെട്ടതായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം അവിടേക്കും വ്യാപിപ്പിച്ചു. അതിനിടെ, തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ട മലപ്പുറം കോട്ടക്കൽ രണ്ടത്താണി സ്വദേശികളായ മൂന്നു പ്രതികളുടെ വീടുകളിൽ വ്യാഴാഴ്ച പൊലീസ് റെയ്ഡ് നടത്തി. കാക്കൂർ എസ്.ഐ സനൽ രാജിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പേരാമ്പ്രയിൽ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിലും പ്രതിയാണ് അലി ഉബൈറാൻ. ദുബൈയിലും കോഴിക്കോട്ടും വെച്ചാണ് ഗൂഢാലോചന നടത്തിയതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹര്‍, അലി ഉബൈറാന്‍റെ സഹോദരങ്ങളായ ഷബീബുര്‍റഹ്‌മാന്‍, മുഹമ്മദ് നാസ് എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നാണ് ജൗഹര്‍ പിടിയിലായത്.

തട്ടിക്കൊണ്ടുപോയ അഷ്‌റഫ് കഴിഞ്ഞ ദിവസമാണ് തിരികെയെത്തിയത്. ഇയാളിൽനിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് താമരശ്ശേരി ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിൻ പറഞ്ഞു.

Tags:    
News Summary - Kidnapping businessman-Lookout notice issued against accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.