ബിന്ദു കൃഷ്ണ
കേരളത്തിൽ തൊഴിൽ കോഡ് ചട്ടങ്ങൾ ജനുവരിയോടെ; പ്രാബല്യത്തിൽ വരുത്തി വിജ്ഞാപനം ഉണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
തൃശൂർ: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ തൊഴിൽ കോഡിന് അനുസരിച്ച് സംസ്ഥാനത്ത് ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തിയുള്ള വിജ്ഞാപനം ജനുവരിയിൽ ഉണ്ടാകുമെന്ന് സൂചന. ഇതിനുള്ള നടപടി സർക്കാർ തലത്തിൽ നടന്നുവരികയാണ്. പുതിയ തൊഴിൽ കോഡിന് അനുസരിച്ച് സംസ്ഥാനത്ത് ചട്ടങ്ങൾ രൂപവത്കരിക്കുന്നതിന് സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഇത് വൈകില്ലെന്നും ജനുവരിയിൽ പ്രാബല്യത്തിൽ വരുത്തി വിജ്ഞാപനം ഉണ്ടാകുമെന്നും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ ‘മാധ്യമ’ത്തോട് പറഞ്ഞു.
2021 ഡിസംബർ 15ന് സംസ്ഥാന സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പുതിയ റിപ്പോർട്ട് വന്നെങ്കിലും വീണ്ടും പ്രാഥമിക വിജ്ഞാപനം നടത്തേണ്ട കാര്യമില്ല. 2021 ഡിസംബർ 15ലെ പ്രാഥമിക വിജ്ഞാപനത്തിന്റെ തുടർച്ചയായി ജനുവരി ആദ്യവാരം തന്നെ അവസാന വിജ്ഞാപനം പുറത്തിറക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മിനിമം വേതനം, പ്രവൃത്തി സമയവും ഓവർടൈമും നിർണയിക്കൽ, ശമ്പളം നൽകേണ്ട തീയതികൾ, പിഴവുകൾക്കുള്ള തുക ഈടാക്കൽ, ബോണസ് കണക്കാക്കൽ എന്നിവക്കുള്ള ചട്ടങ്ങൾ, സ്ഥാപനങ്ങളിലെ വെളിച്ചം, വായുസഞ്ചാരം, ശുചിത്വം, കുടിവെള്ള സൗകര്യം എന്നിവയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കൽ, രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന വനിതകൾക്ക് നൽകേണ്ട പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും യാത്രാസൗകര്യങ്ങളും സംബന്ധിച്ച നിബന്ധനകൾ, അന്തർസംസ്ഥാന തൊഴിലാളികൾക്കുള്ള യാത്രാപ്പടി, താമസസൗകര്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ വിതരണം, തൊഴിലാളികൾക്ക് നൽകേണ്ട വാർഷിക സൗജന്യ ആരോഗ്യ പരിശോധനകളുടെ മാനദണ്ഡങ്ങൾ, ലേബർ ട്രിബ്യൂണലുകളുടെ പ്രവർത്തനം, അനുരഞ്ജന ചർച്ചകൾ നടത്തുന്നതിനുള്ള ഉദ്യോഗസ്ഥരുടെ ചുമതലകൾ, ലേ-ഓഫ്, റിട്രെഞ്ച്മെന്റ്, സ്ഥാപനം പൂട്ടൽ എന്നിവയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾ പാലിക്കേണ്ട സംസ്ഥാനതല നടപടിക്രമങ്ങൾ, ട്രേഡ് യൂനിയനുകളുടെ രജിസ്ട്രേഷൻ, ചർച്ചകൾക്കായി യൂനിയനുകളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടിങ് രീതികൾ, അസംഘടിത തൊഴിലാളികൾ, ഗിഗ് തൊഴിലാളികൾ എന്നിവർക്ക് സംസ്ഥാനതല ബോർഡുകൾ രൂപവത്കരിക്കലും ഫണ്ട് കണ്ടെത്തലും, ഗർഭകാല ആനുകൂല്യങ്ങൾ, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റ്വുവിറ്റി എന്നിവ പ്രാദേശികമായി നടപ്പാക്കൽ എന്നിവക്കുള്ള ചട്ടങ്ങളാണ് സമിതി സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.