പൂന്തുറ: പ്രളയമുഖത്ത് സ്വജീവൻ പണയംവച്ച് നിരവധി പേരെ രക്ഷിച്ച മത്സ്യത്തൊഴിലാളി യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. പൂന്തുറ നടുത്തറ പള്ളിവിളാകം ടി.സി 69/438ല്‍ ജിനീഷ് ജെറോൺ (23) ആണ് അരമണിക്കൂറിലധികം രക്തംവാർന്ന് റോഡിൽകിടന്നശേഷം ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച തമിഴ്നാട് കൊല്ലംകോട് തിരുമന്നം ഭാഗത്ത് ബൈക്ക് തെന്നിമറിഞ്ഞായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ ജിനീഷിെൻറ അരക്കുതാഴെ പുറകെ നിന്നെത്തിയ ലോറിയുടെ ടയര്‍ കയറിയിറങ്ങി.
നിരവധി വാഹനങ്ങള്‍ക്ക് മുന്നില്‍ സഹായംതേടി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജഗന് കേണപേക്ഷിച്ചെങ്കിലും ആരും നിർത്തിയില്ല. രക്തം വാര്‍ന്ന് ജിനീഷ് റോഡില്‍ കിടന്നത് അരമണിക്കൂറിലധികമാണ്. പൊലീസ് എത്തി ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് കിലോമീറ്ററുകൾക്കപ്പുറം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ജിനീഷിനെ എത്തിച്ചത്. നിരവധിപേര്‍ ആശുപത്രിയില്‍ എത്തി രക്തം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.
തമിഴ്നാട്ടില്‍നിന്നുള്ള വലിയ ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് പോകാൻ അവസരം കിട്ടുമോയെന്ന് അറിയാനാണ് വെള്ളിയാഴ്ച രാവിലെ ജിനീഷ് പൂന്തുറയില്‍നിന്ന് സുഹൃത്തിനൊപ്പം ബൈക്കില്‍ തമിഴ്നാട്ടിലെ കുളച്ചലിലേക്ക് പുറപ്പെട്ടത്. പരിക്കേറ്റെങ്കിലും സുഹൃത്ത് ജഗൻ രക്ഷപ്പെട്ടു. തമിഴ്നാട് പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച സംസ്കരിക്കും. പിതാവ്: ജെറോണ്‍. മാതാവ്: സെല്‍വി. സഹോദരങ്ങള്‍: ജോമി, ജിബിന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.