സൂചനാ ചിത്രം
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ അവകാശങ്ങൾ ഹനിക്കുന്നതിനെതിരെ ചോദ്യോത്തരവേള സ്തംഭിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാർഡും മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ നിലയുറപ്പിച്ചു. സമാന്തരമായി ചോദ്യോത്തര വേള തുടർന്നെങ്കിലും മുദ്രാവാക്യങ്ങൾ ബഹളത്തിലേക്കും സംഘർഷസമാന സാഹചര്യത്തിലേക്കും നീണ്ടതോടെ സ്പീക്കർ സഭാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. കാര്യോപദേശക സമിതി യോഗത്തിന് ശേഷം വീണ്ടും സഭ ചേർന്നെങ്കിലും പ്രതിഷേധം അടങ്ങിയില്ല. ഒടുവിൽ നടപടികൾ വേഗം പൂർത്തിയാക്കി 11.49 ഓടെ സഭ പിരിഞ്ഞു. രണ്ട് ഘട്ടങ്ങളിലായി 51 മിനിറ്റ് മാത്രമാണ് സഭ ചേരാനായത്.
നാലുദിവസമായി തുടരുന്ന പ്രതിപക്ഷ പ്രതിഷേധം തിങ്കളാഴ്ചയും അതിശക്തമായിരുന്നു. രാവിലെ ഒമ്പതിന് സ്പീക്കർ എത്തിയതോടെതന്നെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റു. ഒന്നാം മിനിറ്റിലെ പ്രതിപക്ഷ ഇടപെടൽ വകവെക്കാതെ ചോദ്യോത്തരവേളയിലേക്ക് കടക്കാനായിരുന്നു സ്പീക്കറുടെ തീരുമാനം. ചോദ്യത്തിന് മറുപടി നൽകാൻ മന്ത്രി റോഷി അഗസ്റ്റിനെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഇതോടെയാണ് പ്രതിപക്ഷനേതാവിന് മൈക്ക് അനുവദിച്ചത്.
സഭയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവെച്ച കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഏഴ് എം.എൽ.എമാർക്കെതിരെ കള്ളക്കേസെടുത്തെന്നും സതീശൻ ആരോപിച്ചു. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് ചർച്ചകളിൽനിന്ന് മറുപടി പറയാതെ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്നത്. സഭാനടപടികളെയും സംവാദങ്ങളെയും അട്ടിമറിക്കുംവിധത്തിൽ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണ്. രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദിയുടെ അതേ മനോഭാവമാണ് കള്ളക്കേസെടുത്ത സർക്കാറിന്റേതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. ഇതോടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു.
പിന്നാലെയാണ് പ്രതിപക്ഷം പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയത്. ‘മുണ്ടുടുത്ത മോദിയുടെ ധിക്കാരത്തിൻ ഭാഷ വേണ്ട, ‘മോദി-പിണറായി ഭായി ഭായി’, ‘പിണറായിയെ പേടിയാണോ, പേടിക്കല്ലേ സ്പീക്കറേ’ ‘പിണറായിയുടെ അടിമയാണോ’...എന്നിങ്ങനെയായിരുന്നു പ്രതിപക്ഷത്തിന്റെ മുദ്രാവാക്യങ്ങൾ. സ്പീക്കർ മൈക്ക് ഓൺ ആക്കിയാൽ പ്രതിപക്ഷാംഗങ്ങളുടെ മുദ്രാവാക്യങ്ങളാണ് ഉയർന്നുകേട്ടത്.
ആദിവാസി വിഭാഗങ്ങളുടെ പാർപ്പിട പ്രശ്നവും മത്സ്യത്തൊഴിലാളി സമൂഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പരിഗണിക്കവെ ‘അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവൽ പ്രശ്നവുമായി ബന്ധപ്പെട്ട ചോദ്യമാണ് പരിഗണിക്കുന്നതെന്നും പ്രതിപക്ഷാംഗങ്ങൾ സഹകരിക്കണമെന്നും’ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
ബഹളം രൂക്ഷമായതോടെ ചോദ്യത്തിനുള്ള മറുപടി മേശപ്പുറത്തുവെക്കാൻ സ്പീക്കർ മന്ത്രി സജി ചെറിയാനോട് ആവശ്യപ്പെട്ടു. നടപടികൾ നിർത്തിവെക്കാൻ സ്പീക്കർ തയാറാകുന്നില്ലെന്ന് കണ്ടതോടെ പ്രതിപക്ഷം അൽപം കൂടി കടുപ്പിച്ചു. മുദ്രാവാക്യങ്ങൾ വാഗ്വാദങ്ങളിലേക്ക് വഴിമാറി. പിന്നാലെ സ്പീക്കറുടെ കാഴ്ച മറച്ച് ‘സ്പീക്കർ നീതി പാലിക്കുക’ എന്നെഴുതിയ കറുത്ത ബാനർ ഡയസിന് മുന്നിൽ ഉയർന്നു. ഇതോടെയാണ് സഭ താൽക്കാലികമായി നിർത്തിവെക്കുന്നു’വെന്ന് സ്പീക്കർ പ്രഖ്യാപിച്ചതും 11ന് കാര്യോപദേശക സമിതി യോഗം ചേരുമെന്ന് അറിയിച്ചതും.
സ്പീക്കറുടെ റൂളിങ്ങോടെയാണ് 11.30ന് വീണ്ടും സഭ ചേർന്നത്. എന്നാൽ എം.എൽ.എമാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്‍റെ കാര്യത്തിലോ അടിയന്തര പ്രമേയ നോട്ടീസ് അവതരണ വിഷയത്തിലോ വ്യക്തമായ വിശദീകരണം കിട്ടാത്ത സാഹചര്യത്തിൽ പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടർന്നു. സഭ ഒരു നിലക്കും മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യമുണ്ടായതോടെയാണ് വേഗത്തിൽ നടപടികൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.