കെ-റെയിൽ പദ്ധതി: കീഴൂരിൽ പ്രതിഷേധ സംഗമം

ഉദുമ: നിർദിഷ്ട സിൽവർ ലൈൻ പദ്ധതി കീഴൂർ ക്ഷേത്രത്തിന്റെ പൗരാണിക പാരമ്പര്യത്തിന് ക്ഷതമേൽപിക്കുംവിധം കടന്നുപോകുന്നതിൽ ചന്ദ്രഗിരി ശാസ്ത-തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ദേവസ്വം ട്രസ്റ്റി ബോർഡ് യോഗം പ്രതിഷേധിച്ചു. കെ- റെയിൽപാത കടന്നുപോകുമ്പോൾ, ആചാരപരമായി ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രക്കുളവും അരയാൽതറയും ഇല്ലാതാകും. ഏതാണ്ട് 500 വർഷം പഴക്കമുള്ള അരയാൽവൃക്ഷവും നിർദിഷ്ട പാതയോട് ചേർന്നാനുള്ളത്. അരയാൽ വൃക്ഷത്തിന്റെ ചുവട്ടിലാണ് മഹാഗണപതി ക്ഷേത്രം നിലകൊള്ളുന്നത്. ഡി.പി.ആറിൽ 25 മീറ്റർ വരെ പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുമെന്നാണറിയുന്നത്. ഇരുവശങ്ങളിലും 10 മീറ്റർ വീതം ബഫർസോണായി പരിഗണിക്കും. അലൈൻമെന്റിൽ അനിവാര്യ മാറ്റങ്ങൾ ഉണ്ടാക്കി, പൗരാണിക പാരമ്പര്യമുള്ള കീഴൂർ ശാസ്ത ക്ഷേത്രത്തെ സംരക്ഷിക്കാൻ അധികൃതരിൽ സമ്മർദം ചെലുത്താനുള്ള പ്രക്ഷോഭ പരിപാടികൾക്ക് രൂപംനൽകാൻ തന്ത്രീശ്വരന്മാരുടെ സാന്നിധ്യത്തിൽ നാട്ടുകാർ, ജനപ്രതിനിധികൾ, കഴക ക്ഷേത്രങ്ങൾ, ഹൈന്ദവ സംഘടനകൾ, മുഴുവൻ ഭക്തജനങ്ങൾ, മാതൃസമിതികൾ, ഭജനസമിതികൾ, ഉത്സവാഘോഷ കമ്മിറ്റികൾ, തറവാട് വീട്ടുകാർ തുടങ്ങിയവർ പങ്കെടുക്കുന്ന മഹായോഗം ഞായറാഴ്ച ഉച്ച 2.30ന് കീഴൂർ ക്ഷേത്രം അഗ്രശാലയിൽ ചേരാനും ട്രസ്റ്റി ബോർഡ് യോഗം തീരുമാനിച്ചു. ചെയർമാൻ വള്ളിയോടൻ ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഇടയില്യം ശ്രീവത്സൻ നമ്പ്യാർ, മേലത്ത് സത്യനാഥൻ നമ്പ്യാർ, സുധാകരൻ കുതിർമൽ, അജിത് സി. കളനാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.