മിഥുനെത്തി; ആവിക്കരക്ക്​ ആശ്വാസദിനം

കാഞ്ഞങ്ങാട്: പ്രാർഥനയും കണ്ണീരും നിറഞ്ഞ വീട്ടിൽ ആശ്വാസവും ആഹ്ലാദവും. യുക്രെയ്​നിലെ ഖാർകിവിൽ കുടുങ്ങിയ കാഞ്ഞങ്ങാട് ആവിക്കരയിലെ മിഥുൻ മധുവാണ് ബുധനാഴ്ച പുലർച്ച മൂന്നോടെ വീട്ടിലെത്തിയത്. മിഥുനെയും കാത്ത് ആവിക്കര നാടൊന്നാകെ ഉറക്കമൊഴിച്ച് കാത്തുനിൽക്കുകയായിരുന്നു. മകനെ അമ്മ ​നെഞ്ചോടുചേർത്തുപിടിച്ചത്​ അച്ഛൻ പ്രവാസലോകത്ത് വിഡിയോ കാളിലൂടെ കണ്ടു . കണ്ണൂർ വിമാനത്താവളത്തിലിറങ്ങി അവിടെനിന്ന്​ സംസ്ഥാന സർക്കാർ ഒരുക്കിയ വാഹനത്തിലാണ്​ വീട്ടിലെത്തിയത്​. മലപ്പുറം, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലെയും മാഹിയിലെയും വിദ്യാർഥികൾക്കൊപ്പമാണ് ഇവർ എത്തിയത്. മിഥുനും കൂട്ടുകാരും താമസിക്കുന്നതിന്റെ തൊട്ടടുത്തുള്ള ഒന്നിലേറെ ഇടങ്ങളിൽ റഷ്യൻ സേന ബോംബ് വർഷിച്ചിരുന്നു. സ്ഫോടനശബ്ദം കേട്ടതും കറുത്തപുക ആകാശത്തുയർന്ന കാഴ്ചയും പറയുമ്പോൾ നെഞ്ചിടിപ്പു മാറുന്നില്ല ഈ വിദ്യാർഥികൾക്ക്. അവിടെ ഇവാനോ ഫ്രാങ്ക് ഐ.വി.എസ്.കെ നാഷനൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് മിഥുൻ. മൂന്നുമാസം മുമ്പാണ് പോയത്. ബോംബ് സ്ഫോടനം നടന്നപ്പോൾ ഇവരെ രണ്ടുവട്ടം ഭൂഗർഭ അറയിലേക്കു മാറ്റി. യുദ്ധം തുടങ്ങിയ ശേഷം രാത്രികാലങ്ങളിൽ വെളിച്ചം തെളിക്കാൻ പാടില്ല. ഭക്ഷണം പാകം ചെയ്യാൻ രാത്രി കഴിഞ്ഞില്ല. എല്ലാവരും വാനിൽ അതിർത്തിയിലേക്കുവന്നു. തുടർന്ന് ട്രെയിനിൽ ഹംഗറിയിലെത്തി. അവിടെ ഒരുദിവസം താമസിക്കേണ്ടിവന്നു. ആവിക്കരയിലെ പ്രവാസി പി.വി. മധുസൂദനന്‍റെയും അധ്യാപിക ലേഖ മധുവിന്‍റെയും മകനാണ് മിഥുൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.