ബസ് സ്റ്റാന്‍ഡിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം

കാസർകോട്​: കാസർകോട്​ പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് മുനിസിപ്പാലിറ്റി വക നടത്തിവരുന്ന നിര്‍മാണ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന്​ ബസുടമകളുടെയും തൊഴിലാളി സംഘടനകളുടെയും യോഗം ആവശ്യപ്പെട്ടു. കോംപ്ലക്സ് കെട്ടുന്നത്​ ബസ് ജീവനക്കാര്‍ക്ക് ബസുകള്‍ പാര്‍ക്ക് ചെയ്യാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ സാധിക്കാത്ത അവസ്ഥയുണ്ടാക്കും. മാത്രമല്ല, കെ.എസ്.ആര്‍.ടി.സി-പ്രൈവറ്റ് ബസുകളായി 450 ഓളം ബസുകള്‍ 1300ലധികം ട്രിപ്പുകളാണ് പുതിയ ബസ് സ്റ്റാന്‍ഡ് വഴി സര്‍വിസ് നടത്തുന്നത്. മംഗളൂരു-കാസർകോട്​, കാസർകോട്​-സുള്ള്യ, കാസർകോട്​-പുത്തൂര്‍-സുബ്രഹ്മണ്യ-ധര്‍മസ്ഥല-മടിക്കേരി ഭാഗത്ത് നിന്നും വരുന്ന നൂറോളം ഇന്‍റർ സ്റ്റേറ്റ് ബസുകളും സര്‍വിസ് നടത്തുന്നുണ്ട്. 40,000ത്തോളം ആള്‍ക്കാര്‍ പുതിയ ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നുമുണ്ട്. നിലവില്‍ തന്നെ സ്വകാര്യ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലപരിമിതി മൂലം സാധിക്കുന്നില്ല. ഇപ്പോള്‍ തന്നെ ഒരു കെട്ടിടനിര്‍മാണം നടന്നുവരുന്നുണ്ട്. ടൗണ്‍ പ്ലാനിങ് തീരുമാനമനുസരിച്ച് ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ട സ്ഥലത്തോ ബസ് സ്റ്റാൻഡ്​ യാര്‍ഡിലോ നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ല. ടൗണിലെ ട്രാഫിക് കുരുക്ക് മൂലം ബസുകള്‍ക്ക് ടൗണില്‍ എവിടെയും റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. ദേശീയപാത പ്രവൃത്തി തുടങ്ങിയതോടുകൂടി ട്രാഫിക് കുരുക്ക് വര്‍ധിച്ചിരിക്കുകയാണ്. അത് ബസ് സ്റ്റാന്‍ഡിനകത്തേക്കുകൂടി വ്യാപിച്ചിരിക്കുകയാണ്. ആയതിനാല്‍ പുതിയ ബസ് സ്റ്റാൻഡിനകത്തോ ബന്ധപ്പെട്ട സ്ഥലങ്ങളിലോ ഒരു നിർമാണപ്രവര്‍ത്തനങ്ങളും നടത്തരുത്​. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തേണ്ടിവരും. കെ. ഗിരീഷ്, സി.എ. മുഹമ്മദ് കുഞ്ഞി, ബാലകൃഷ്ണന്‍, മുഹമ്മദ് കുഞ്ഞി, ഗിരികൃഷ്ണന്‍ സി.ഐ.ടി.യു, രാജേഷ് ബി.എം.എസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.