ദേശീയപാത പ്രവൃത്തി അതിവേഗം; എപ്പോൾ വരും ഉൾനാടൻ ജലപാത ?

കാഞ്ഞങ്ങാട്: ജില്ലയില്‍ ദേശീയപാതയുടെ പ്രവൃത്തി അതിവേഗം മുന്നോട്ടുപോകുമ്പോള്‍ ചങ്കിടിക്കുന്നത് ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്​. ബേക്കല്‍-കോവളം ദേശീയ ഉള്‍നാടന്‍ ജലപാതയുടെ ഭൂതല സര്‍വേ ജില്ലയില്‍ നടക്കാനിരിക്കുകയാണ്. ജലപാതയുടെ ഭാഗമായി നീലേശ്വരം - ചിത്താരി പുഴകളെ ബന്ധിപ്പിക്കുന്ന കനാല്‍ ദേശീയപാതക്ക് കുറുകെയാണ് കടന്നുപോകുന്നത്. സര്‍വേ പൂര്‍ത്തിയായി ജലപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാറാകുമ്പോഴേക്കും ദേശീയപാതയുടെ നിര്‍മാണം ഒരു ഘട്ടം പിന്നിട്ടാല്‍ പിന്നെ ദേശീയപാത മുറിച്ച് കനാല്‍ നിര്‍മിക്കാന്‍ അനുമതി കിട്ടാൻ വൈകും. ദേശീയപാതയില്‍ കൂളിയങ്കാലിന് സമീപം അരയിപ്പുഴയില്‍ നിന്നു തുടങ്ങി അജാനൂര്‍ പഞ്ചായത്തിലെ മടിയനില്‍ ചിത്താരിപ്പുഴയുടെ കൈവഴിയില്‍ ചേരുന്ന തരത്തിലാണ് കനാലി​​‍ൻെറ രൂപരേഖ. ഇതിനായുള്ള ഡ്രോണ്‍ സര്‍വേയും പൂര്‍ത്തിയായി. കാരാട്ടുവയല്‍, അതിയാമ്പൂര്‍, കിഴക്കുംകര, വെള്ളിക്കോത്ത് വഴി മടിയന്‍ വരെ ആറര കി.മീ നീളത്തില്‍ കനാല്‍ നിര്‍മിക്കാനാണ് പദ്ധതി. ഈ പ്രദേശങ്ങളിലെ വയലുകള്‍ക്കിടയില്‍ നിലവിലുള്ള കൈത്തോടുകള്‍ക്ക് വീതിയും ആഴവും കൂട്ടിയാകും കനാല്‍ നിര്‍മിക്കുക. ജനവാസമേഖലകള്‍ ഒഴിവാക്കി വയലുകള്‍ക്കിടയിലൂടെ മാത്രം കടന്നുപോകുന്നതിനാല്‍ ഭൂതല സര്‍വേ നടക്കുമ്പോഴും കാര്യമായ എതിര്‍പ്പുകളുണ്ടാകില്ലെന്നാണ് പ്രതീക്ഷ. ബന്ധപ്പെട്ട പ്രദേശങ്ങളില്‍ നെല്ലും പച്ചക്കറികളുമുള്‍പ്പെടെ കൃഷിചെയ്യുന്ന വയലുകളില്‍ മികച്ച ജലസേചനസൗകര്യം ഉറപ്പുവരുത്താനും കനാല്‍ വരുന്നതോടെ കഴിയും. കൂളിയങ്കാലിനും ജില്ല ആശുപത്രിക്കുമിടയിലായി നിലവില്‍ കാരാട്ടുവയല്‍ ജലസേചനപദ്ധതിയുടെ ചെറിയൊരു കനാല്‍ ദേശീയപാതക്ക് കുറുകെ കടന്നുപോകുന്നുണ്ട്. ഇതിന് വീതിയും ആഴവും കൂട്ടി ഈ ഭാഗത്ത് ജലപാതയുടെ കനാലായി വികസിപ്പിക്കാനാകുമെന്നാണ് നിര്‍ദേശം. ഈ കനാലിനു മുകളിലൂടെ ചെറിയൊരു കലുങ്ക് മാത്രമാണ് ഇപ്പോള്‍ ദേശീയപാതയിലുള്ളത്. ഇവിടെ ജലപാതയുടെ കനാല്‍ വരികയാണെങ്കില്‍ അടിയിലൂടെ ജലഗതാഗതം ഉറപ്പുവരുത്താവുന്ന ഉയരത്തില്‍ പാലം തന്നെ നിര്‍മിക്കേണ്ടിവരും. ദേശീയ ജലപാതക്ക് കുറുകെയുള്ള പാലങ്ങള്‍ക്ക് ആറു മീറ്ററെങ്കിലും ഉയരം വേണ്ടിവരും. ജലപാതയുടെ ഭാഗമായ നീലേശ്വരം പുഴക്ക് കുറുകെ ദേശീയപാത വികസനത്തി​​​‍ൻെറ ഭാഗമായി പുതിയ പാലം നിര്‍മിക്കുമ്പോള്‍ ഈ മാനദണ്ഡം പാലിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് കത്തുനൽകുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പടം... കാഞ്ഞങ്ങാട് കൂളിയങ്കാലിന് സമീപം കാരാട്ടുവയല്‍ ജലസേചനപദ്ധതിക്കായി ദേശീയപാത മുറിച്ച് കടന്നുപോകുന്ന കനാല്‍. ഇതിന് വീതി കൂട്ടിയാണ് ഉള്‍നാടന്‍ ജലപാത നിര്‍മിക്കാനുദ്ദേശിക്കുന്നത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.