ബോട്ടുടമയെ ആക്രമിച്ച കേസിൽ ലുക്കൗട്ട് നോട്ടീസ്​

ഉദുമ: ബോട്ടുടമയെ ആക്രമിച്ച കേസിൽ പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി. മത്സ്യ വ്യാപാരിയും ബോട്ട് ഉടമയുമായ പാലക്കുന്നിലെ ചിമ്മിനി ഹനീഫിനെ കുത്തിയ കേസില്‍ രണ്ടുപേര്‍ക്കെതിരെയാണ്​ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്​. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആട് സമീര്‍, മുളകുപൊടി സമീര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒ.ടി. സമീര്‍ (35), വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബൂബക്കര്‍ സിദ്ദീഖ് എന്ന തമീം (23) എന്നിവരെ കണ്ടെത്തുന്നതിനായാണ് ബേക്കല്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. ഞായറാഴ്ച രാത്രി 9.30 മണിയോടെ സുഹൃത്തിനൊപ്പം കോട്ടിക്കുളത്തെ കൂള്‍ബാറിന് മുന്നില്‍ വാഹനത്തിലിരുന്ന് ജ്യൂസ് കുടിക്കുകയായിരുന്ന ഹനീഫിനെ അഞ്ചോളം പേരടങ്ങുന്ന സംഘം പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇരുമ്പുവടികൊണ്ട് അടിക്കുകയും കത്തികൊണ്ട് കുത്തിയെന്നുമാണ് കേസ്. സാരമായി പരിക്കേറ്റ ഹനീഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂര്‍ മുണ്ടേരിയില്‍ പടന്നോട്ട് മെട്ടക്ക് സമീപത്തെ വീട്ടുവളപ്പില്‍ മാരകായുധങ്ങളും രക്തക്കറയുമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാര്‍ ചിമ്മിനി ഹനീഫിനെ ആക്രമിച്ച സംഘം സഞ്ചരിച്ച കാറാണെന്നും അന്വേഷണസംഘം തിരിച്ചറിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.