ആയിരം ബാലോത്സവങ്ങൾ നടത്തുന്നു

ചെറുവത്തൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആയിരം ബാലോൽസവങ്ങൾ സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുൻസിപ്പൽ കോർപറേഷനുകളിലും ആയിരം ബാലോത്സവങ്ങളുമായിട്ടാണ് കുട്ടികളുടെ അരികിലെത്തുന്നത്. ഓണാവധിക്കാലത്ത് ആരംഭിക്കുന്ന ബാലോൽസവം ആകാശം, മണ്ണ്, വായു എന്നിങ്ങനെ നിരവധിയായ വിഷയങ്ങൾ തുടർന്നുള്ള മാസങ്ങളിൽ ചർച്ച ചെയ്യും. ജലം എന്നതാണ് സെപ്റ്റംബറിലെ വിഷയം. ജലത്തിന്റെ ശാസ്ത്രവും സാമൂഹിക തലവും കുട്ടികൾ പരിശോധിക്കും. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് പരിഷത്ത് ഭവൻ, കെ.എസ്.ടി.എ കേന്ദ്രം എന്നിവിടങ്ങളിലായി ജില്ല പരിശീലനം നടന്നു. പരീക്ഷണ ലോകം, ഭാഷാലോകം, നിർമാണ-നിരീക്ഷണ ലോകം, പ്രശ്നപരിഹാര ലോകം എന്നിങ്ങനെ നാല് വിഷയ ലോക പരിശീലനത്തോടൊപ്പം , ഫീൽഡ് ട്രിപ്പ് , കളികൾ, പാട്ടുകൾ, ഒറിഗാമി എന്നിവയുമുണ്ട്. ജില്ലയിലെ 58 ബാലവേദികളിലും ജലം ബാലോത്സവം നടക്കുന്നു. ജലമുപയോഗിച്ച് തീ കത്തിക്കുന്ന ശാസ്ത്ര പ്രവർത്തനം നടത്തി പരിഷത്ത് ജില്ല പ്രസിഡന്റ് ഡോ. എം.വി. ഗംഗാധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബാലവേദി മുൻസംസ്ഥാന ചെയർമാൻ പ്രദീപ് കൊടക്കാട് ബാലവേദി പ്രവർത്തനങ്ങൾ വിശദീകരിച്ചു. പടന്നക്കാട് എസ്.എൻ.ടി.ടി.ഐ പ്രിൻസിപ്പൽ പുഷ്പലത, കെ.ടി. സുകുമാരൻ, പി. രാജൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ ആദ്യ ബാലോത്സവത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ ഉദിനൂരിൽ നടക്കും. പടം..ജലമുപയോഗിച്ച് തീ കത്തിക്കുന്ന ശാസ്ത്ര പ്രവർത്തനം നടത്തി പരിഷത്ത് ജില്ല പ്രസിഡന്റ് ഡോ. എം.വി. ഗംഗാധരൻ ബാലോത്സവം പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.