കൊടക്കാട് വോളി കോർട്ടിൽ തലമുറകളുടെ സംഗമം

ചെറുവത്തൂർ: ജില്ലയിലെ വോളി ഗ്രാമമെന്നറിയപ്പെടുന്ന കൊടക്കാട്ടെ എൻ.എസ്.എസ്.സി വോളിബാൾ കളിക്കളത്തിൽ താരങ്ങൾ അണിനിരന്നപ്പോൾ തലമുറകളുടെ സംഗമമായി മാറുന്നു. നാരായണ സ്മാരക സ്പോർട്സ് ക്ലബും ഗ്രന്ഥാലയം യുവജനവേദിയും ചേർന്ന് സംഘടിപ്പിക്കുന്ന കൊടക്കാട് വോളി ലീഗിലാണ് ആവേശകരമായ മത്സരം നടക്കുന്നത്. ക്ലബ് അംഗങ്ങളായ പഴയതും പുതിയതുമായ കളിക്കാരെ നാല് ടീമുകളാക്കി തിരിച്ചാണ് മത്സരം. പ്രദേശത്തെ സ്ഥലങ്ങളുടെ പേരിലാണ് ടീം അണിനിരക്കുന്നത്. ഓവർ റീച്ച് ഓലാട്ട്, പവർ ഹൗസ് കളത്തേര, എയ്സേഴ്സ് അയ്യാട്ട് ചാൽ, ബ്ലോക്കേഴ്സ് ബാങ്ക് ജങ്ഷൻ എന്നീ ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുക. ദേശീയ, സംസ്ഥാന, യൂനിവേഴ്സിറ്റി താരങ്ങളോടൊപ്പം ഒട്ടേറെ ജില്ലാതാരങ്ങളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ടീമുകളുടെ സ്പോൺസർമാരും ക്ലബ് അംഗങ്ങൾ തന്നെയാണ്. വ്യത്യസ്ത ടീമുകളിലായി ജ്യേഷ്ഠാനുജന്മാരും അച്ഛനും മകനും അമ്മാവനും മരുമകനും ജഴ്സിയണിഞ്ഞ് മത്സരിക്കാനെത്തുമ്പോൾ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ മത്സരം വീക്ഷിക്കാനായി സ്റ്റേഡിയത്തിലെത്തുന്നു. ദിവസവും വൈകീട്ട് ഏഴുമുതൽ മത്സരം ആരംഭിക്കും. ഞായറാഴ്ചയാണ് ഫൈനൽ. ഇത്തരം വോളിബാൾ സംരംഭങ്ങൾ വളർന്നുവരുന്ന പുതിയ കളിക്കാർക്ക് ഏറെ ഗുണപ്രദമാകുമെന്നും ക്ലബ് വോളി ലീഗിലൂടെ സംസ്ഥാന താരങ്ങളെവരെ വാർത്തെടുക്കാൻ നാരായണ സ്മാരക സ്പോർട്സ് ക്ലബിന് സാധിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. പടം: ഓലാട്ടെ നാരായണ സ്മാരക വോളി മൈതാനത്ത് വിവിധ തലമുറയിൽപെട്ട കായിക താരങ്ങൾ സംഗമിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.