ട്രോളിങ് നിരോധനം ഒമ്പതുമുതൽ

മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമായി ഫിഷറീസ് വകുപ്പ് കാസർകോട്: ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് ആരംഭിക്കാനിരിക്കെ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രോളിങ് നിരോധനം സംബന്ധിച്ച ജില്ലതല യോഗത്തില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ജൂണ്‍ ഒമ്പതിന് അർധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം ട്രോളിങ് നിരോധനം തുടരും. ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ബയോമെട്രിക് ഐ.ഡി കാര്‍ഡ് നിര്‍ബന്ധമായും കരുതണം. ഹാര്‍ബറുകളിലെയും മറ്റും ഡീസല്‍ ബങ്കുകള്‍ ട്രോളിങ് നിരോധന കാലയളവില്‍ അടച്ചുപൂട്ടും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കുന്നതിന് തിരഞ്ഞെടുത്ത മത്സ്യഫെഡ് ബങ്കുകള്‍ അനുവദിക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുമ്പ് കേരളതീരം വിട്ടുപോകണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഒരു ഇന്‍ബോര്‍ഡ് വള്ളത്തിന് ഒരു കാരിയര്‍ മാത്രം അനുവദിക്കും. കാരിയറില്‍ പരമാവധി അഞ്ച് തൊഴിലാളികളെ വരെ അനുവദിക്കും. കാരിയര്‍ വള്ളത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതത് ഫിഷറീസ് ഓഫിസുകളില്‍ യാന ഉടമകള്‍ റിപ്പോര്‍ട്ട് ചെയ്യണം. മത്സ്യബന്ധനത്തിന് പോകുന്നവര്‍ ഫിഷറീസ് സ്റ്റേഷനുകളില്‍ നിന്നും പത്രദൃശ്യ മാധ്യമങ്ങളില്‍ നിന്നും ജില്ല ഭരണകൂടത്തില്‍ നിന്നുമുള്ള കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഗൗരവമായി കാണണം. രക്ഷാപ്രവര്‍ത്തനം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് , കോസ്റ്റല്‍ പൊലീസ്, കോസ്റ്റ്ഗാര്‍ഡ്, ഫിഷറീസ് വകുപ്പ് എന്നിവര്‍ ഏകോപിപ്പിക്കും. അടിയന്തര സാഹചര്യം ആവശ്യമായി വരുമ്പോള്‍ നേവിയുടെ ഹെലികോപ്ടര്‍ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും. ജില്ലതല യോഗം ചേര്‍ന്നു കാസർകോട്: ട്രോളിങ് നിരോധനം ജില്ലയില്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ സംഘടന പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. സതീശന്‍ ട്രോളിങ് നിരോധനം സംബന്ധിച്ച് വിശദീകരിച്ചു. തളങ്കര, കുമ്പള, അഴിത്തല തുടങ്ങിയ തീരദേശ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരും സംബന്ധിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.