ഓടകൾ അടച്ചു​; മലിനജലം കെട്ടിക്കിടക്കുന്നു

നീലേശ്വരം: റോഡിലൂടെ മഴവെള്ളം ഒഴുകിവരുന്ന പൊതുഓടകള്‍ സ്വകാര്യവ്യക്തി അടച്ചതിനെ തുടര്‍ന്ന് ബ്ലോക്ക് ഓഫിസ് പട്ടേന ജങ്ഷന്‍ റോഡില്‍ മലിനജലം കെട്ടിക്കിടക്കുന്നു. മലിനജലം സമീപത്തെ പറമ്പുകളിലേക്ക് ഒഴുകി കിണറിലെ കുടിവെള്ളവും ഉപയോഗശൂന്യമായി. ബ്ലോക്ക് ഓഫിസ് പരിസരത്തെ ചിന്മയ വിദ്യാലയത്തിനുസമീപം താന്നിയന്തടത്താണ് ഓടകള്‍ അടച്ചതിനെതുടര്‍ന്ന് റോഡില്‍ വെള്ളം കെട്ടിക്കിടക്കുകയും കുടിവെള്ളം മലിനമാവുകയും ചെയ്തത്. റോഡില്‍ വെള്ളംകെട്ടിക്കിടന്നതിനെത്തുടര്‍ന്ന് ഒരുസംഘം ആളുകള്‍ തൊട്ടടുത്ത് താമസിക്കുന്ന നിഷ നിവാസില്‍ എ.വി. രഞ്ജിത്ത്കുമാറിന്റെ മതില്‍ കുത്തിപ്പൊളിച്ച് റോഡില്‍നിന്നുള്ള വെള്ളം പറമ്പിലേക്ക് ഒഴുക്കിവിട്ടതോടെ തൊട്ടടുത്ത വീട്ടിലെയും കിണർ വെള്ളം മലിനമായി. ബ്ലോക്ക് ഓഫിസ് പരിസരം മുതലുള്ള മാലിന്യം അടങ്ങിയ വെള്ളമാണ് ഇവരുടെ കിണറിലേക്ക് ഒഴുകിയത്. റോഡില്‍ വെള്ളം തടംകെട്ടിക്കിടക്കുന്നതുകാരണം വാഹനങ്ങള്‍ക്ക് കടന്നുപോകാനും ഏറെ പ്രയാസമാണ്. ഇതുസംബന്ധിച്ച് ജില്ല കലക്ടര്‍ക്കും മനുഷ്യാവകാശ കമീഷനും നീലേശ്വരം നഗരസഭ സെക്രട്ടറിക്കും രഞ്ജിത്ത്കുമാര്‍ പരാതി നല്‍കി. ബ്ലോക്ക് ഓഫിസ് മുതല്‍ പട്ടേന വരെ ഓവുചാല്‍ നിർമിച്ച് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി കുടിവെള്ളം മലിനമാകുന്നത് തടയണമെന്ന് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു. nlr waste water ബ്ലോക്ക് ഓഫിസ്-പട്ടേന റോഡിൽ ഓടകൾ അടച്ചതിനെ തുടർന്ന് മലിനജലം കെട്ടിക്കിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.