കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ഇഡി മാനസികമായി പീഡിപ്പിച്ചെന്ന് എം.കെ. കണ്ണൻ, ചോദ്യം ചെയ്യൽ 10 മണിക്കൂർ നീണ്ടുനിന്നു
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സി.പി.എം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഓഫീസിൽ 10 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് അവസാനിച്ചത്.
മാനസികമായി പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തി, തല്ലിയില്ലെന്നേ ഉള്ളൂവെന്ന് കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. അവരുദ്ദേശിക്കുന്ന രീതിയില്‍ ഉത്തരം പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഈ മാസം 29ന് വീണ്ടും വരാന്‍ പറഞ്ഞിട്ടുണ്ട്. ചോദിച്ച രേഖകളെല്ലാം കൊടുക്കാന്‍ താന്‍ തയ്യാറാണെന്നും എം കെ കണ്ണന്‍ പറഞ്ഞു.
വെള്ളിയാഴ്ച വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരാകും. സതീഷ് കുമാറുമായി കഴിഞ്ഞ 10 വർഷമായി സൗഹൃദമുണ്ട്. സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നും കണ്ണൻ കൂട്ടിച്ചേർത്തു. കണ്ണന്‍ പ്രസിഡന്റായിരുന്ന തൃശൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലായിരുന്നു കള്ളപ്പണക്കേസിലെ ഒന്നാം പ്രതി സതീഷ്കുമാര്‍ ബിനാനി ഇടപാടുകള്‍ നടത്തിയിരുന്നത്. ഈ രേഖകള്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ക്കായാണ് കണ്ണനെ ചോദ്യം ചെയ്തത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കൂടുതല്‍ ആളുകള്‍ക്ക് ഇ ഡി നോട്ടീസ് നല്‍കുമെന്നറിയുന്നു. നേരത്തെ ചോദ്യം ചെയ്ത ബാങ്ക് മുന്‍ മാനേജര്‍ ബിജു കരിം, സെക്രട്ടറി ടി.ആർ. സുനില്‍കുമാര്‍, അക്കൗണ്ടന്റ് ജില്‍സ് തുടങ്ങിയവരേയും വിളിച്ച് വരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.