കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള വികസനത്തിന് ഏറ്റെടുക്കേണ്ട ഏറ്റവും കുറഞ്ഞ ഭൂമി എത്രയെന്നറിയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറിനുവേണ്ടി ഗതാഗത വകുപ്പ് സെക്രട്ടറി എയർപോർട്ട് അതോറിറ്റിക്ക് കത്ത് നൽകി. റൺവേയുടെ നീളം വർധിപ്പിക്കാൻ മാത്രം ചുരുങ്ങിയത് 166 ഏക്കറെങ്കിലും വേണമെന്നാണ് അതോറിറ്റിയുടെ മറുപടി. നിലവിലുള്ള ഉത്തരവനുസരിച്ച് വികസനത്തിന് 485.3 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
ഇതിൽ 385.3 ഏക്കർ വിമാനത്താവള വികസനത്തിനും ബാക്കി പുനരധിവാസത്തിനുമാണ്. 2010ൽ 137 ഏക്കർ ഏറ്റെടുക്കാനായിരുന്നു സർക്കാർ ഉത്തരവ്. ഇത് മാറ്റി കഴിഞ്ഞവർഷം ഒക്ടോബറിലാണ് 485 ഏക്കറാക്കി ഗതാഗത വകുപ്പ് അഡീ. സെക്രട്ടറി ഉത്തരവിറക്കിയത്. നടപടികൾ വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും പ്രതിഷേധത്തെതുടർന്ന് മുന്നോട്ടുപോകാൻ സാധിച്ചിരുന്നില്ല. ഏക്കർ കണക്കിന് ഭൂമി മണ്ണിട്ട് ഉയർത്തുന്നതിലെ പ്രയാസവും ഉയർന്നുവന്നു.
തുടർന്നാണ് ഏറ്റവും കുറഞ്ഞ ഭൂമി എത്രയാണെന്നാവശ്യപ്പെട്ട് സർക്കാർ കത്ത് നൽകിയത്. ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറക്കിയെങ്കിലും സാമൂഹികാഘാത പഠനം ആരംഭിച്ചിട്ടില്ല. നിലവിലുള്ള മാസ്റ്റർ പ്ലാൻ അനുസരിച്ച് റൺവേ നീളം 2,860ൽനിന്ന് 3,627 ആയി വർധിപ്പിക്കാൻ 213 ഏക്കറും ഐസലേഷൻ ബേക്ക് 14.5 ഏക്കറും അേപ്രാച്ച് ലൈറ്റ് സിസ്റ്റത്തിന് 20.8 ഏക്കറും പുതിയ ടെർമിനൽ നിർമാണത്തിന് 137 ഏക്കറുമാണ് ആവശ്യമുള്ളത്. ടെർമിനൽ വികസനത്തിന് പള്ളിക്കൽ വില്ലേജിൽനിന്ന് റൺവേക്ക് കൊണ്ടോട്ടി, നെടിയിരുപ്പ് വില്ലേജുകളിൽ നിന്നുമാണ് സ്ഥലമേറ്റെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.