കണ്ണൂർ: കനത്ത മഴയില്‍ ജില്ലയില്‍ നാശനഷ്ടം തുടരുന്നു. കണിച്ചാര്‍ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാല്‍ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ഒരാളെ കാണാതായി.
കേളകം താഴെവെള്ളറ കോളനിയിലെ അരുവിക്കല്‍ ഹൗസില്‍ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടര വയസുകാരി മകള്‍ നൂമ തസ്മീന്‍ എന്നിവരാണ് മരിച്ചത്. കണിച്ചാര്‍ വില്ലേജ് വെള്ളറ കോളനിയിലെ ചന്ദ്രനെ(55)യാണ് കാണാതായത്.
പൂളക്കുറ്റി എല്‍.പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇവിടെ 31 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്.
കണിച്ചാർ പഞ്ചായത്ത് തുടിയാട് കച്ചറമുക്ക് റോഡിൽ മൂന്ന് ഭാഗത്ത് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ പത്തോളം കുടുംബങ്ങളെ അഗ്നിശമന സേനാംഗങ്ങൾ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി നെടുപൊയില്‍-മാനന്തവാടി റോഡില്‍ ഗതാഗതം തടസമായതിനാൽ വയനാട്ടിലേക്കുള്ള യാത്രക്കാർ ബദല്‍ മാര്‍ഗമായി പാല്‍ചുരം റോഡ് ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. നെടുപൊയില്‍-മാനന്തവാടി റോഡില്‍ മൂന്ന് കിലോ മീറ്ററോളം ദൂരത്ത് റോഡ് തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂരിലെ നെടുംപൊയിൽ - മാനന്തവാടി ചുരം റോഡിലെ സെമിനാർ വിലക്ക് സമീപമുണ്ടായ ഉരുൾപൊട്ടലിന്‍റെ ചിത്രങ്ങൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.